
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നുവെന്ന കോൺഗ്രസിന്റെ പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. നിർണായകമായ പോളിംഗ്, വോട്ടെണ്ണൽ ദിവസങ്ങളിൽ അടിസ്ഥാനരഹിതവും വൈകാരികവുമായ പരാതികൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കമ്മിഷൻ കോൺഗ്രസിനോടും മറ്റ് രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം എതിരാകുമ്പോഴുള്ള ഇത്തരം നടപടികൾ തെറ്റിദ്ധരിപ്പിക്കുന്നതും സാമൂഹിക ക്രമം തകർക്കുന്നതുമാണെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
ഹരിയാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും ആശങ്കകളും നിരസിക്കുന്നതായി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത കത്തിൽ പറയുന്നു. പരാതികൾ സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർമാർക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല. പോളിംഗ് സമയത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യം നിലനിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ട്. വിമർശനത്തെ കമ്മീഷൻ സ്വാഗതം ചെയ്യുകയും സമയബന്ധിതമായ പരാതി ഉറപ്പു നൽകുകയും ചെയ്യുന്നു. ഫലങ്ങൾ പ്രതികൂലമാകുമ്പോൾ ചോദ്യം ചെയ്യുന്നത് ശരിയല്ല.
ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കും. അതിനാൽ നിസ്സാരമായ പരാതികൾ ഉന്നയിക്കുന്നത് ഒഴിവാക്കണം. നടപടികളിൽ വിട്ടുവീഴ്ച ചെയ്തതിന് യാതൊരു തെളിവുമില്ലാതെ തിരഞ്ഞെടുപ്പിന്റെയും വിശ്വാസ്യതയെക്കുറിച്ച് കോൺഗ്രസ് സംശയത്തിന്റെ പുകയുയർത്തി. ഔപചാരികമായി പരാതി നൽകും മുൻപേ ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്.
ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ബാറ്ററി 99 ശതമാനം നിലനിന്നതും കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളിലേത് കുറവ് രേഖപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ഇതുകൂടാതെ അധികൃതർ വോട്ടെണ്ണൽ മനപൂർവ്വം വൈകിപ്പിച്ചെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.