 
തൊടുപുഴ ന്യൂമാൻ കോളേജിലെ ഇന്റേണൽ പരീക്ഷയ്ക്കു നൽകിയ ഒരു ചോദ്യത്തിന്റെ പേരിലുണ്ടായ ആക്രമണത്തിന് ഇരയായ പ്രൊഫ. ടി.ജെ. ജോസഫിനു നഷ്‌ടമായത് വലതുകൈ മാത്രമല്ല, ഭാര്യ സലോമിയെയും തൊഴിലും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയുമാണ്
കേരളത്തിലെ ആദ്യത്തെ ആസൂത്രിത ഭീകരപ്രവർത്തനം എന്നാണ്, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞ ആക്രമണത്തെ കേന്ദ്ര - സംസ്ഥാന അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ ) ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റകൃത്യം ദേശവ്യാപക വാർത്താപ്രാധാന്യം നേടി. ആറു പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും മുഖ്യപ്രതിയെ പിടികൂടാൻ 13 വർഷം വേണ്ടിവന്നു. ആക്രമണം ആസൂത്രണം ചെയ്‌തവർ ഇപ്പോഴും കാണാമറയത്തു തന്നെ.
തൊടുപുഴ ന്യൂമാൻ കോളേജിലെ ഇന്റേണൽ പരീക്ഷയ്ക്കു നൽകിയ ഒരു ചോദ്യത്തിന്റെ പേരിലുണ്ടായ ആക്രമണത്തിന് ഇരയായ പ്രൊഫ.ടി.ജെ. ജോസഫിനു നഷ്‌ടമായത് വലതുകൈ മാത്രമല്ല, ഭാര്യ സലോമിയെയും തൊഴിലും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയുമാണ്. പ്രതികളോട് ക്ഷമിക്കുകയും വിഷമതകളെ മറികടക്കുകയും ചെയ്‌ത അദ്ദേഹം എഴുത്തും വായനയും യാത്രകളുമായി പൊലീസ് സുരക്ഷയിൽ കഴിയുകയാണ്.
ക്രൂര ആക്രമണം
വീടിനു മുന്നിൽ
2010 ജൂലായ് നാല് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. പള്ളിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഏഴംഗ പോപ്പുലർ ഫ്രണ്ട് സംഘം മൂവാറ്റുപുഴ- -തൊടുപുഴ റോഡിൽ നിർമ്മല പബ്ളിക് സ്‌കൂളിനു സമീപത്തെ വീടിനുസമീപം കാർ തടഞ്ഞുനിറുത്തി സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാറിൽ നിന്ന് പ്രൊഫ. ജോസഫിനെ വലിച്ചുപുറത്തിറക്കി റോഡിൽ കിടത്തി മഴുകൊണ്ട് വലതു കൈപ്പത്തി വെട്ടിമാറ്റി, അടുത്ത വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞു. തടയാൻ ശ്രമിച്ച സഹോദരി സിസ്റ്റർ സ്റ്റെല്ലയെ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് വീട്ടിൽ നിന്ന് ഓടിയെത്തിയ മകൻ മിഥുൻ ടി. ജോസഫിനെയും സംഘം ആക്രമിച്ചു. സമീപവാസികൾ എത്തിയപ്പോഴേക്കും സംഘം കാറിൽ കടന്നുകളഞ്ഞു.
2010 മാർച്ച് 23-നു നടന്ന മലയാളം ബിരുദ പരീക്ഷയിൽ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പി.ടി കുഞ്ഞുമുഹമ്മദ് എഴുതിയ 'തിരക്കഥയിലെ രീതിശാസ്ത്രം" എന്ന പുസ്‌തകം ആധാരമാക്കിയായിരുന്നു ചോദ്യം. പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ചോദ്യപ്പേപ്പർ ചിലർ പ്രചരിപ്പിച്ചത്. തൊടുപുഴയിൽ പ്രതിഷേധവുമായി ചില സംഘടനകൾ രംഗത്തിറങ്ങി.
ഒളിവിൽ പോയ ടി.ജെ. ജോസഫിനെതിരെ മതനിന്ദ കുറ്റം ചുമത്തി തൊടുപുഴ പൊലീസ് കേസെടുത്തു. 22 വയസുകാരനായ മകനെ കസ്റ്റഡിയിലെടുത്ത പൊലീസ് പീഡനം ആരംഭിച്ചതോടെ ഇടുക്കിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രൊഫ. ജോസഫ് പൊലീസിൽ കീഴടങ്ങി. പിന്നാലെ പ്രൊഫ. ജോസഫിനെ കോളേജ് പിരിച്ചുവിട്ടു. ജാമ്യത്തിൽ കഴിയുമ്പോഴായിരുന്നു ആക്രമണം.
എൻ.ഐ.എയുടെ
അന്വേഷണം
ലോക്കൽ പൊലീസ് ആരംഭിച്ച അന്വേഷണം 2011 ഏപ്രിൽ നാലിന് എൻ.ഐ.എ ഏറ്റെടുത്തു. 31 പ്രതികളുള്ള കേസിൽ 13 പേർക്ക് വിചാരണ നടത്തി ആദ്യഘട്ടശിക്ഷ വിധിച്ചു. 2015-നു ശേഷം അറസ്റ്റിലായ 11 പ്രതികളുടെയും വിചാരണ പൂർത്തിയായി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശ്രമം, ഗൂഢാലോചന, കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, മതസ്പർദ്ധ വളർത്തൽ, കുറ്റകൃത്യത്തിന് സഹായം ചെയ്യൽ, അന്യായമായി തടവിലാക്കൽ, ഭീഷണിപ്പെടുത്തൽ, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മന:പൂർവം മറച്ചുവയ്ക്കൽ, പ്രതികളെ ഒളിപ്പിക്കാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
യു.എ.പി.എ പ്രകാരം, കൊലപാതകം ഒഴികെയുള്ള ഭീകര പ്രവർത്തനം, ഗൂഢാലോചന, ഭീകരസംഘടനയിൽ അംഗത്വം, എക്‌സ്പ്‌ളോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം ജീവനു ഭീഷണിയാകുന്ന സ്‌ഫോടനം, കുറ്റകൃത്യത്തിന് സഹായം ചെയ്യൽ എന്നീ കുറ്റങ്ങളും ചുമത്തി. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവർക്ക് കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതിന് ജീവപര്യന്തവും പിഴയുമാണ് വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്‌തീൻകുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവരെ, കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷിച്ചത്.
മുഖ്യപ്രതിയുടെ
ഒളിവ്, 13 വർഷം
പ്രൊഫ. ജോസഫിന്റെ കൈവെട്ടി വലിച്ചെറിഞ്ഞത് പെരുമ്പാവൂർ അശമന്നൂർ സ്വദേശി സവാദാണ്. ആക്രമണദിവസം ഒളിവിൽ പോയ സവാദിനെ 2024 ജനുവരി 10-നാണ് എൻ.ഐ.എയ്ക്ക് പിടികൂടാൻ സാധിച്ചത്. ഷാജഹാൻ എന്ന പേരിൽ കണ്ണൂർ മട്ടന്നൂരിലെ ബേരത്ത് ഒളിവിൽ കഴിയുകയായിരുന്നു സവാദ്. എറണാകുളം സബ് ജയിലിൽ തിരിച്ചറിയൽ പരേഡിൽ സവാദിനെ പ്രൊഫ. ജോസഫ് തിരിച്ചറിഞ്ഞു. ഇയാൾക്കും കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കാനുള്ള നടപടികളിലാണ് എൻ.ഐ.എ. സജിൽ മക്കാർ എന്ന പ്രതികൂടി പിടിയിലാകാനുണ്ട്.
ഗൂഢാലോചന
തെളിയാതെ
പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിനു പിന്നിലെ ഗൂഢാലോചനയും, അതിലെ പങ്കാളികളുമാണ് ഇനി പുറത്തുവരാനുള്ളത്. ദീർഘകാലം ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും നടത്തിയ ഇടപാടുകളും കണ്ടെത്തുകയാണ് അന്വേഷണസംഘം നേരിടുന്ന വെല്ലുവിളി. ദിവസങ്ങളോളം ചോദ്യം ചെയ്തെങ്കിലും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെപ്പറ്റി സവാദ് വിവരങ്ങൾ നൽകിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.
ഗൂഢാലോചന നടത്തിയവരെ സംരക്ഷിക്കുന്നത് കരുത്തരായതിനാൽ അന്വേഷണം അങ്ങോട്ടൊന്നും കടന്നുചെല്ലാൻ സാദ്ധ്യതയില്ലെന്നാണ് പ്രൊഫ. ജോസഫ് കരുതുന്നത്. മതങ്ങൾക്കും മതശക്തികൾക്കും സ്വാധീനമുള്ള നിയമസംവിധാനങ്ങളാണ് ഇപ്പോഴും രാജ്യത്തുള്ളത്. കുറെയെങ്കിലും നീതി നടപ്പാകുന്നതിൽ പൗരനെന്ന നിലയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യയുടെ
വേർപാട്
മതനിന്ദ ചുമത്തി പൊലീസ് കേസെടുത്തതിനു പിന്നാലെ 2010 സെപ്തംബറിൽ പ്രൊഫ. ജോസഫിനെ കോളേജ് പിരിച്ചുവിട്ടതോടെ, വിദ്യാർത്ഥികളായ മക്കളെ പോറ്റാൻ പോലും ക്ളേശിച്ചു. സമൂഹത്തിന്റെ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും വിഷമങ്ങളും താങ്ങാനാവാതെ ഭാര്യ സലോമി 2014 മാർച്ച് 14ന് വീട്ടിൽ തൂങ്ങിമരിച്ചു. സഹോദരി സിസ്റ്റർ സ്റ്റെല്ല ജോസഫായിരുന്നു ദീർഘകാലം അദ്ദേഹത്തിനൊപ്പം നിന്നത്.
മതനിന്ദ കുറ്റം റദ്ദാക്കിയ തൊടുപുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ പിന്നീട് കുറ്റമുക്തനാക്കി. മഹാത്മാഗാന്ധി സർവകലാശാലയും ജോസഫിനെ കുറ്റവിമുക്തനാക്കുകയും ശമ്പളം ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവിടുകയും ചെയ്തു. വിരമിക്കും മുമ്പ് ഒരു തവണ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കണമെന്ന പ്രൊഫ. ജോസഫിന്റെ ആഗ്രഹം ന്യൂമാൻ കോളേജ് അനുവദിച്ചില്ല. 2014 മാർച്ച് 27ന് കോളേജ് പ്രൊഫ. ജോസഫിനെ തിരിച്ചെടുത്ത് ഉത്തരവിട്ടു. 28-ന് ഒപ്പിട്ട് തിരികെ പ്രവേശിച്ച അദ്ദേഹം 31-ന് വിരമിച്ചു.
വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യങ്ങളാണ് സാമ്പത്തികനില മെച്ചമാക്കിയത്. പെൻഷനും ലഭിക്കുന്നുണ്ട്. മകൻ മിഥുൻ ടി. ജോസഫ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. മരുമകൾ മ്യൂസ് മരിയ റെയിവേ സ്റ്റേഷൻ മാസ്റ്ററാണ്. നഴ്സുമാരായ മകൾ ആമിയും ഭർത്താവ് ബാലകൃഷ്‌ണയും അയർലണ്ടിൽ താമസിക്കുന്നു. സഹോദരി സിസ്റ്റർ സ്റ്റെല്ല പോണ്ടിച്ചേരിയിൽ സേവനമനുഷ്ഠിക്കുന്നു. രണ്ടു പൊലീസുകാരുടെ സായുധ സുരക്ഷയിലാണ് ഇപ്പോഴും ജോസഫ്.
ആത്മകഥ
ബെസ്റ്റ് സെല്ലർ
സംഭവവും കേസും അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച 'അറ്റുപോകാത്ത ഓർമ്മകൾ" എന്ന പുസ്തകം 2020-ൽ പ്രസിദ്ധീകരിച്ചു. പുസ്തകത്തിൽ ഒരിടത്തുപോലും ആക്രമിച്ചവരുടെ പേരുവിവരങ്ങൾ പരാമർശിച്ചിട്ടില്ല. 16 പതിപ്പുകളിലായി 45,000 ത്തിലേറെ പുസ്‌തകങ്ങൾ വിറ്റഴിഞ്ഞു. 'തൗസന്റ് കട്ട്സ് " എന്ന പേരിൽ പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പും പുറത്തിറങ്ങി. കേരള സാഹിത്യ അക്കാഡമിയുടെ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി. ഭ്രാന്തന് സ്‌തുതി, നല്ല പാഠങ്ങൾ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇടതുകൈകൊണ്ട് എഴുതിപ്പഠിച്ചതിനു ശേഷമാണ് ജോസഫ് പുസ്തകമെഴുതാൻ തുടങ്ങിയത്.
''എനിക്കുണ്ടായ അംഗവൈകല്യമൊക്കെ പ്രതികളെ തൂക്കിക്കൊന്നാലോ ശിക്ഷിച്ചാലോ തിരിച്ചുകിട്ടില്ല. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയല്ല. രാജ്യത്തിന്റെ നീതി നടപ്പാകുമെന്നു മാത്രം. വെട്ടേറ്റത് വലതുകൈപ്പത്തിക്കു മാത്രമല്ല; അവർ ബാക്കിവച്ചത് എന്റെ വലതുകാൽ മാത്രമായിരുന്നു. മറ്റു ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ മാംസം എടുത്തതോടെ ആ കാലും ആക്രമണത്തിന് ഇരയായതു പോലെയാണ്. സമൂഹത്തിൽ ഇനിയും ജോസഫുമാർ ഉണ്ടാകരുത്.""
- പ്രൊഫ. ടി.ജെ ജോസഫ്