
കൊച്ചി: ഭിന്നശേഷി സൗഹൃദമാകണമെന്ന യു.ജി.സി നിർദ്ദേശത്തോട് തണുപ്പൻ സമീപനവുമായി സംസ്ഥാനത്തെ സർവകലാശാലകൾ. ഭിന്നശേഷി അവകാശനിയമം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 2017ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു യു.ജി.സി നിർദ്ദേശം. ഇതു നടപ്പാക്കാതെ വന്നപ്പോൾ, സാമൂഹിക പ്രവർത്തകൻ ആലപ്പുഴ സ്വദേശി ചന്ദ്രദാസ് കേശവപിള്ള 2024 ഏപ്രിൽ 24ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ അനുകൂല നിലപാട് സ്വീകരിച്ചത് മൂന്ന് യൂണിവേഴ്സിറ്റികൾ മാത്രം.
കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണോ, ഭിന്നശേഷി വിദ്യാർത്ഥികളുടെ ആഭ്യന്തരസമിതി രൂപീകരിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് യൂണിവേഴ്‌സിറ്റികൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല.
ഗവർണർക്ക് നിവേദനം നൽകിയതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2024 ജൂൺ ആറിന് സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും ഭിന്നശേഷി സൗഹൃദമാക്കാൻ കത്ത് നൽകിയിരുന്നു. 2023ലെ കണക്ക് പ്രകാരം കേരളത്തിൽ ഓപ്പൺ, ഡീംഡ് എന്നിവയടക്കം ആകെ 51 സർവകലാശാകളുണ്ടെന്നാണ് വിവരം,
ഇതിൽ മഹാത്മാഗാന്ധി, കണ്ണൂർ, കേരള എന്നിവ മാത്രമാണ് ഭാഗികമായെങ്കിലും ഇത് പാലിച്ചതായി അവകാശപ്പെടുന്നത്.
സർവകലാശാലകളുടെ മറുപടി
1. മഹാത്മാഗാന്ധി സർവകലാശാല 65 ശതമാനം ഭിന്നശേഷി സൗഹൃദാന്തരീക്ഷമൊരുക്കി. എന്നാൽ, ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പോലും ബയോമെട്രിക് സംവിധാനത്തിലുള്ള പഞ്ചിംഗിൽ നിന്ന് ഇളവ് നൽകുകയോ, ലിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുകയോ ഭിന്നശേഷി സൗഹൃദ ശുചിമുറി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കുന്നിൻമുകളിലുള്ള യൂണിവേഴ്‌സിറ്റിയിലെത്താൻ ദിവസവും നൂറുകണക്കിന് ഭിന്നശേഷി വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ആയാസപ്പെടുന്നു.
2. കണ്ണൂർ സർവകലാശാലയും കേരള സർവകലാശാലയും ഏകദേശം പൂർണ്ണമായി ഭിന്നശേഷി സൗഹൃദമാക്കിയതായി അവകാശപ്പെടുന്നു. സൈൻ ലാംഗ്വേജ് അറിയാവുന്ന ഉദ്യോഗസ്ഥർ ഇല്ലെന്നതു മാത്രമാണ് അപര്യാപ്തതയായി അറിയിച്ചിരിക്കുന്നത്.
3. മിക്ക പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും റാമ്പും ലിഫ്റ്റ് സൗകര്യവും ഭിന്നശേഷി സൗഹൃദ ശൗചാലയവും ലഭ്യമല്ല.
കാഴ്ച പരിമിതിയുള്ളവർക്ക് നടക്കാനുള്ള സൗകര്യം പോലും സർവകലാശാലകളിലില്ല.
കെ. ദിലീപ്
കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥി
കേരളത്തിലെ സർവകലാശാലകളും കോളേജുകളും ഇപ്പോഴും ഭിന്നശേഷിക്കാരോട് അവഗണന പുലർത്തുകയാണ്.
ഒരു റാമ്പ് നിർമ്മിച്ചാൽ ഭിന്നശേഷിസൗഹൃദമായി എന്നാണ് പൊതുവിചാരംചന്ദ്രദാസ് കേശവപിള്ള
സാമൂഹിക പ്രവർത്തകൻ