
കൊച്ചി:സോഫ്റ്റ്‌വെയർ എൻജിനീയറിംഗിനൊപ്പം കുറുങ്കുഴൽ വാദനവും. പൂരപ്പറമ്പിൽ മേളത്തിന്റെ കുലപതികൾക്കൊപ്പം കുറുങ്കുഴൽ പ്രമാണി. 27ാം വയസിൽ ഇരുനൂറിലേറെ ശിഷ്യർക്ക് ഗുരുനാഥൻ. സ്വന്തം കുറുങ്കുഴൽ കളരിയുടെ ആശാനും.
ഇൻഫോപാർക്ക് ജീവനക്കാരനായ അൻപുനാഥ് ഹൈടെക് ജോലിക്കിടയിലും കുറുങ്കുഴലുമായി ചെണ്ടപ്പെരുമാൾമാരുടെ മേളത്തിന് മിഴിവ് പകരുന്നു.
എറണാകുളം പുതിയകാവ് കൊച്ചുപറമ്പിൽ അനിൽകുമാർ - കമലമ്മ ദമ്പതികളുടെ മകനാണ്.
പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, തേരോഴിൽ രാമക്കുറുപ്പ്, ചെറുശേരിൽ കുട്ടൻ മാരാർ, ആർ.എൽ.വി മഹേഷ് തുടങ്ങിയ വമ്പന്മാർക്കൊപ്പം കുഴൽപ്രമാണിയായി അൻപുനാഥ് അരങ്ങ് വാണിട്ടുണ്ട്.
ചെറുപ്രായത്തിൽ കുടുംബ പ്രാരബ്‌ധം അകറ്റാനാണ് വിദ്യാഭ്യാസത്തിനൊപ്പം കുഴൽവാദ്യത്തിലും ഒരുകൈ പരീക്ഷിച്ചത്. തുറവൂർ വിഷ്ണു, തിരുവമ്പാടി ദീപു, തൃശൂർ പൂരത്തിലെ കുഴൽപ്രമാണി കീഴൂട്ട് നന്ദനൻ തുടങ്ങിയവർ ഗുരുക്കന്മാരായി.
മേളക്കൊഴുപ്പും നിയന്ത്രണവും
ചെണ്ടമേളത്തിന് കൊഴുപ്പുകൂട്ടാൻ താള ഗതിക്കനുസരിച്ചാണ് കുറുങ്കുഴൽ വായിക്കുന്നത്. മേളക്കാരുടെ കൊട്ടിന്റെ സമയക്രമം നിശ്ചയിക്കുന്ന കലാശങ്ങൾ നിയന്ത്രിക്കുന്നതും മേളം ആസ്വാദ്യമാക്കുന്നതും കുഴൽപ്രമാണിയാണ്. ചെണ്ടക്കാർക്ക് അഭിമുഖമായി നിന്നുവേണം കുഴൽ വായിക്കാൻ. ചെണ്ടയുടെ എണ്ണത്തിനൊപ്പം കുഴലും വേണം. മേളത്തിന്റെ കാലവും ഓരോ കാലത്തിന്റെയും ദൈർഘ്യവും കുഴൽ, ചെണ്ട പ്രമാണിമാർ അപ്പപ്പോൾ നിശ്ചയിക്കും. ഇതനുസരിച്ച് മേളത്തിന്റെ താഴ്ന്ന കലാശം, കുഴമറിയൽ, ഉരുളുകോൽ കലാശങ്ങൾ എന്നിവയിലൊക്കെ ചെണ്ടക്കാർക്കും മറ്റ് കുഴൽകാർക്കും നിർദ്ദേശം നൽകുന്നത് കുഴൽപ്രമാണിയാണ്.
ശിഷ്യസമ്പന്നൻ
ചെണ്ടക്കാരുടെ എണ്ണത്തിനൊപ്പം കുഴൽ വാദകരില്ലെന്ന് കണ്ടാണ് കളരി തുടങ്ങിയത്. ഒരു വർഷമാണ് ക്ലാസ്. സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ 200ലേറെപ്പേർ അരങ്ങേറ്റം കുറിച്ചു. മാദ്ധ്യമങ്ങളിൽ ഇടംനേടിയ തൃപ്പൂണിത്തുറ സ്വദേശി ലക്ഷ്‌മീദേവിയും 9 വയസുകാരി ആരാധ്യയും 12കാരി ദേവിനന്ദയും അൻപുനാഥിന്റെ ശിഷ്യരാണ്.