മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മേച്ചരിക്കുന്ന് - തുപ്പംപടി റോഡിലെ മാലിന്യപ്രശ്നത്തിൽ ഡി.വൈ.എഫ്.ഐ ഇടപെടലിനെയും പ്രതിഷേധത്തെയും തുടർന്ന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതി തലയൂരി. റോഡിന്റെ ഇരുവശത്തും സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചുവരുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രദേശം വൃത്തിയാക്കാനും മാലിന്യം നീക്കംചെയ്യാനും തീരുമാനിച്ചത്. കാടുംപുല്ലും കയറിക്കിടന്ന റോഡിന്റെ ഇരുവശങ്ങളും വെട്ടിത്തെളിക്കുകയും മാലിന്യങ്ങൾ ശേഖരിച്ച് കൂട്ടിവയ്ക്കുകയും ചെയ്തു. സംസ്കരിക്കാൻ കഴിയാത്ത അളവിൽ മാലിന്യം ലഭിച്ചതിനെത്തുടർന്ന് എൽ.എസ്.ജി വാർറൂം കേരള ഗാർബേജ് വഴി സംസ്കരിക്കുന്നതിനായി പ്രസ്തുത ഓൺലൈൻ പോർട്ടലിൽ ജിയോടാഗ് ചെയ്തു.
മാലിന്യം പുറത്തുനിന്ന് കൊണ്ടുവന്നിട്ട് യു.ഡി.എഫ് വാർഡ് മെമ്പർക്കെതിരെ ആരോപണമുന്നയിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഭരണസമിതി ഡി.വൈ.എഫ്.ഐ നേതാവ് എൻ.പി. നിജിന് നോട്ടീസ് അയക്കുകയും അവിടെ മാലിന്യം നിക്ഷേപിച്ചത് നിജിന്റെ നേതൃത്വത്തിലാണെന്ന് ആരോപിച്ച് 5000രൂപ പിഴ ചുമത്തുകയുമായിരുന്നു. ഇതിനെതിരെ പ്രദേശവാസികളും ഡി.വൈ.എഫ്.ഐയും ചേർന്ന് മേച്ചരിക്കുന്നിൽ സമരം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി, ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എന്നിവർക്ക് പരാതി സമർപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് തുടർന്ന് മാലിന്യം ഗ്രാമപഞ്ചായത്ത് തന്നെ നീക്കം ചെയ്യുമെന്നും പിഴ പിൻവലിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമപഞ്ചായത്ത് തന്നെ മാലിന്യം ജിയോ ടാഗ് ചെയ്ത സ്ഥലത്തുനിന്ന് നീക്കം ചെയ്തു. മാലിന്യം നീക്കം ചെയ്യാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സഹായിക്കുകയും ചെയ്തു.