പറവൂർ: പറവൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയായുള്ള കുടിവെള്ളക്ഷാമം താത്കാലികമായി പരിഹരിച്ചു. ചൊവ്വരയിൽ നിന്നുള്ള കുടിവെള്ളപൈപ്പ് ലൈൻ മറിയപ്പടിയിലും മന്നം - പെരുവാരം റോഡിലും ചോർച്ചയുണ്ടായതിനെ തുടർന്നാണ് പമ്പിംഗ് തടസപ്പെട്ടത്. ഇന്നലെ രാവിലെ പൈപ്പുകളുടെ ചോർച്ച പരിഹരിച്ച് പമ്പിംഗ് ആരംഭിച്ചു. ഇന്ന് പുലർച്ചയോടെ എല്ലായിടങ്ങളിലും വെള്ളമെത്തുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. പുതിയ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഇതും പരിഹരിക്കാനുള്ള നടപടികൾ വാട്ടർ അതോറിട്ടി സ്വീകരിച്ചിട്ടുണ്ട്. അകലെയുള്ള പ്രദേശങ്ങളിൽ വെള്ളമെത്താൻ പമ്പിംഗ് പ്രഷ‌ർ കൂട്ടുമ്പോഴാണ് പൈപ്പുകൾ പൊട്ടുന്നത്. പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുകയാണ് പോംവഴി. പുതിയ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ നിലവിലെ ദേശീയപാതയിലൂടെയുള്ള പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.

തീരാതെ സമരങ്ങൾ

അതേസമയം,​ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെയും സമരം മുറുകി. സി.പി.എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിട്ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. എം.പി. ഏയ്ഞ്ചൽസ് അധ്യക്ഷനായി. സി.പി. ജയൻ, എം.കെ. ബാനർജി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.

അടിയന്തരമായി കുടിവെള്ള വിതരണം പുന:സ്ഥാപിക്കുക, കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പറവൂർ മുനിസിപ്പൽ കമ്മിറ്റി പറവൂർ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. ജോൺ പോൾ അദ്ധ്യക്ഷനായി. രാജു മാടവന, വി.എസ്. ഉണ്ണികൃഷ്ണ പണിക്കർ, അഡ്വ.ജോയ് കളത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.

പൈപ്പ് പൊട്ടി നന്നാക്കുവാൻ സമയമെടുത്തതിന് എം.എൽ.എക്കും നഗരസഭക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം കുടിവെള്ളക്ഷാമം പരിഹരിച്ച ശേഷവും സമരം ചെയ്ത് സ്വയം അപഹാസ്യരായി. കുടിവെള്ളക്ഷാമം ശ്രദ്ധയിൽപ്പെട്ടപ്പോൾ അടിയന്തരമായി ടാങ്കറിൽ കുടിവെള്ളമെത്തിക്കാൻ പറവൂർ നഗരസഭ ചെയർപേഴ്സണിന് നിർദേശം നൽകിയിരുന്നു. ജില്ലാ വികസനസമിതിയോഗത്തിൽ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർക്ക് കളക്ടർ നിർദേശം നൽകി.

വി.ഡി. സതീശൻ

പ്രതിപക്ഷനേതാവ്

കുടിവെള്ളക്ഷാമം പരിഹരിക്കേണ്ടത് വാട്ടർ അതോറിട്ടിയും ജില്ലാഭരണകൂടവുമാണ്. സി.പി.എം സ്വന്തം ഭരണപരാജയം മറയ്ക്കാൻ നഗരസഭക്കും എം.എൽ.എക്കുമെതിരെ നുണപ്രചരണം നടത്തുന്നു

ഡി. രാജ്കുമാർ

കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ