photo

വൈപ്പിൻ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 600 ൽ പരം കുടുംബങ്ങൾ കുടിയിറക്ക് ഭീക്ഷണി നേരിടുന്ന കേസിൽ രാഷ്ട്രീയ പാർട്ടികളടക്കം സമര രംഗത്തേക്ക്. 1989 മുതൽ പലവർഷങ്ങളിലായി കോഴിക്കോട് ഫറൂക്ക് കോളേജിൽ നിന്ന് വിലകൊടുത്തു വാങ്ങിയ 114 ഏക്കർ ഭൂമിയുടെ അവകാശവാദവുമായി വഖഫ് ബോർഡ് കോടതികളിലെത്തിയതോടെയാണ് പ്രദേശവാസികൾ കുടിയിറക്ക് ഭീഷണിയിലായത്.

പള്ളിപ്പുറം, മുനമ്പം, ചെറായി ഭാഗങ്ങളിൽ നടന്നു വന്നിരുന്ന സമരങ്ങൾ കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലേക്കു കൂടിവ്യാപിച്ചു. കൃസ്ത്യൻ സർവീസ് സൊസൈറ്റി കഴിഞ്ഞ ദിവസം സമരം ആരംഭിച്ചിരുന്നു. പള്ളിപ്പുറം മഞ്ഞുമാത ബസലിക്ക റെക്ടർ ഡോ. ആറ്റണി കുരിശിങ്കൽ , രൂപതാ പ്രസിഡന്റ് ജിസ്‌മോൻ ഫ്രാൻസിസ്, സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ബാബു മുട്ടിക്കൽ ദേശീയ ജനറൽ സെക്രട്ടറി ജോജോമനക്കൽ, സെക്രട്ടറി ബിജു തുണ്ടിയിൽ , റൈജു രണ്ടു തൈക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

 നേതാക്കൾ മുനമ്പത്ത്

ബി.ജെ.പി അഖിലേന്ത്യ നേതാവ് അപരഗിത സാരംഗി എം.പി, സംസ്ഥാന നേതാവ് അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ ഇന്നലെ ഉച്ചയ്ക്ക് മുനമ്പത്തെത്തി ഭാവി നടപടികൾ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്തു. കഴിഞ്ഞ ആഴ്ച്ചയിലും ഷോൺ ജോർജും സംഘവും മുനമ്പത്ത് എത്തിയിരുന്നു.

 സമരവുമായി കോൺ.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി നാളെ വൈകിട്ട് മുനമ്പം കടപ്പുറത്ത് സംഘടിപ്പിക്കുന്ന സമരം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രശ്‌നത്തിന്റെ പിന്നാമ്പുറം
1902ൽ തിരുവിതാംകൂർ മഹാരാജാവ് കൃഷി ആവശ്യത്തിനായി അബ്ദുൾ സത്താർ മൂസാ സേട്ടുവിന് പാട്ടത്തിന് നൽകിയ 404 ഏക്കർ ഭൂമിയിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഉള്ള 114 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളവും. സേട്ടുവിന്റെ പിൻ തുടർച്ചാവകാശി സിദ്ദിഖ് സേട്ട് ഭൂമി പിന്നീട് ഫറൂക്ക് കോളേജിന് ദാനമായി നൽകി. കോളേജ് 1989 മുതൽ ഭൂമി പല അവസരങ്ങളിലായി പലർക്കായി വില്പന നടത്തി. ഈ ഭൂമി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉന്നയിച്ചാണ് വഖഫ് ബോർഡ് കേസ് നൽകിയത്.