1
സിസ്റ്റർ ലിസി ചക്കാലക്കൽ

തോപ്പുംപടി: ഒ‌ൗവർ ലേഡീസ് കോൺവെന്റ് സ്‌കൂൾ അദ്ധ്യാപികയായിരിക്കെ നിർദ്ധന കുടുംബങ്ങൾക്കായി 210 വീടുകൾ നിർമിച്ച് നൽകുന്നതിന് നേതൃത്വം നൽകിയ സിസ്റ്റർ ലിസി ചക്കാലക്കൽ കൊച്ചിയോട് വിട പറയുന്നു. പുതിയ ദൗത്യവുമായി ചെന്നൈയിലേക്കാണ് പോകുന്നത്. 5ന് വൈകിട്ട് 5ന് തോപ്പുംപടി ബീയെംസ് സെന്ററിൽ ലിസി ചക്കാലക്കലിനെ ആദരിക്കുന്നതിനായി ചേരുന്ന സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. എം.വി. ബെന്നി അദ്ധ്യക്ഷനാകും. കോസ്റ്റ് ഗാർഡ് കമാൻഡർ എൻ. രവി പുരസ്‌കാരം നൽകും. ടി.എ. ജോസഫ് സംസാരിക്കും.

ഹൗസ് ചലഞ്ച് എന്ന പേരിൽ സിസ്റ്റർ തുടക്കമിട്ട പദ്ധതി വഴിയാണ് വീടുകളെല്ലാം നിർമ്മിച്ചത്. 12 വർഷത്തിനിടയിലാണ് 210 വീടുകൾ പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, സംരംഭകർ എന്നിങ്ങനെ എല്ലാവരേയും ചേർത്തുനിറുത്തി അവരിൽനിന്ന് സഹായങ്ങൾ തേടിയാണ് ഈ വീടുകളെല്ലാം നിർമിച്ചത്. സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് വേണ്ടിയായിരുന്നു ആദ്യവീട് നിർമാണം. തുടർന്ന് അർഹതപ്പെട്ടവരെ കണ്ടെത്തി വീട് നിർമിച്ച് നൽകുന്നത് സിസ്റ്റർ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നു. സഹ അദ്ധ്യാപികയായ ലില്ലിപോളും സഹായിയായി കൂടെനിന്നു. ഓരോ വീട് പൂർത്തിയാകുമ്പോഴും നിരവധിപേർ വീടിനായി സിസ്റ്ററെ സമീപിച്ച് തുടങ്ങി. വീട് നിർമ്മാണ സാമഗ്രികൾ സൗജന്യമായി നൽകാൻ പലരും തയ്യാറായി.

വീട് വെറുമൊരു കെട്ടിടമല്ലെന്നും ഒരു കുടുംബത്തിന് നല്ലൊരു വീട് ലഭിക്കുമ്പോൾ അവരുടെ മാനസികനില തന്നെ മാറുമെന്നും അവിടെ പുതിയ ജീവിതങ്ങൾ പൂവിടുമെന്നും സിസ്റ്റർ ലിസി പറയുന്നു. അഞ്ചുമുതൽ ഏഴുലക്ഷംരൂപ വരെയായിരുന്നു ഓരോ വീടിന്റെയും നിർമ്മാണച്ചെലവ്.