k

ബാച്ച്ലർ ഒഫ് ഡിസൈൻ കോഴ്സ് (ബി.ഡെസ്) പ്രവേശന പരീക്ഷയായ യുസീഡ് (UCEED) 2025ന് ഒക്ടോബർ 31വരെയും പിഴയോടെ നവംബർ എട്ടു വരെയും അപേക്ഷിക്കാം. ഐ.ഐ.ടികളായ മുംബയ്,ഗുവാഹട്ടി,ഹൈദരാബാദ്,ഡൽഹിഎന്നിവിടങ്ങളിലേയും ഡിസൈൻ ആൻഡ് മാനേജ്മെന്റ് ജബൽപുർ,കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ,വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്,നിർമ ആനന്ദ്,യു.പി.എസ് ഡെറാഡൂൺ,ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങലിലേയും പ്രവേശനം UCEED സ്കോർ അടിസ്ഥാനത്തിലാണ്. ജനുവരി 19നാണ് പരീക്ഷ. ഫലം മാർച്ച് അ‌ഞ്ചിന്. https://www.uceed.iitb.ac.in.

സാദ്ധ്യതകൾ

എൻജിനിയറിംഗിനോട് ചേർന്നു നിൽക്കുന്ന ബ്രാഞ്ചാണ് ഡിസൈനിംഗ്. എൻജിനിയറിംഗിന് ഫിസിക്സ്,കെമിസ്ട്രി,മാത്‌സ് തുടങ്ങിയ സയൻസ് വിഷയങ്ങളിൽ തിയററ്റിക്കൽ ഓറിയന്റേഷൻ വേണം. എങ്കിലേ ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ പ്രവേശനമുള്ളൂ. അതേസമയം,ക്രിയേറ്റിവിറ്റിയുള്ള,സയൻസിൽ തിയററ്റിക്കലി പിന്നാക്കം നിൽക്കുന്നവർക്കും ഐ.ഐ.ടിയിൽ പഠിക്കാനുള്ള അവസരമാണ് ഡിസൈനിംഗ് മേഖലയിലെ കോഴ്സായ ബി.ഡെസ്. ഡിസൈനിംഗിന് മുന്നോട്ട് വലിയ സാദ്ധ്യതയുണ്ട്. ഡിജിറ്റൽ മേഖലയായ അനിമേഷൻ,വിഷ്വൽ എഫക്ട്സ്,ഗെയിമിംഗ്,സിനിമയായി ബന്ധപ്പെട്ട അവസരങ്ങൾ എന്നിവയെല്ലാം സാദ്ധ്യതകളാണ്.

സ്പെഷ്യലൈസേഷൻ

നാലു വർഷ കോഴ്സാണ് ബി.ഡെസ്. നാലു സെമസ്റ്റർ വരെ പൊതുവിഷയങ്ങളും തുടർന്ന് സ്പെഷ്യലൈസേഷനുള്ള അവസരമുണ്ട്. പ്രൊഡക്റ്റ് ഡിസൈനിംഗ്,ഇൻഡസ്ട്രിയൽ ഡിസൈനിംഗ്,കമ്മ്യൂണിക്കേഷൻ ഡിസൈനിംഗ്,ഓട്ടോമൊബൈൽ ഡിസൈനിംഗ്,നെറ്റ്‌വെയർ ഡിസൈനിംഗ്,അനിമേഷൻ,ഗ്രാഫിക് ഡിസൈനിംഗ്,ഫർണിച്ചർ ഡിസൈനിംഗ് തുടങ്ങിയവ സ്പെഷ്യലൈസേഷന് ഉദാഹരണമാണ്. ഉപരിപഠനമായ എം.ഡെസിന് ഇത്തരം സ്പെഷ്യലൈസേഷനുകൾ സഹായിക്കും.

മുംബയ്,ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്ലസ് ടു ഏതു കോമ്പിനേഷൻകാർക്കും (സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ്) അഡ്മിഷൻ ലഭിക്കും. എന്നാൽ ഫിസിക്സ്,കെമിസ്ട്രി,മാത്‌സുള്ളവർക്കേ ഗുവാഹട്ടി,ഡൽഹി എന്നിവിടങ്ങളിൽ അഡ്മിഷനുള്ളൂ. കാരണം ടെക്നോളജിയുമായി ബന്ധപ്പെടുത്തിയുള്ള കോഴ്കളാണ് ഇവിടുള്ളത്. ജബൽപുരിലും സയൻസ് കോമ്പിനേഷൻ വേണം. ഫിസിക്സ്,കെമിസ്ട്രി എന്നിവയോക്കൊപ്പം മാത്‌സോ ബയോളജിയോ ആവാം.

പരീക്ഷാ ഘടന

രണ്ടു ഭാഗങ്ങളുള്ള മൂന്നു മണിക്കൂർ നീളുന്ന 300 മാർക്കിന്റെ ചോദ്യങ്ങളുള്ള പരീക്ഷയാണിത്. 240 മാർക്കിന്റെ ആദ്യ ഭാഗത്ത് ന്യൂമെറിക്കൽ,മൾട്ടിപ്പിൾ ആൻസർ ചോദ്യങ്ങൾ,ഒബ്ജക്ടീവ് ടൈപ്പ് എന്നിവയുണ്ടാകും. രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം. 60 മാർക്കിന്റെ രണ്ടാം ഭാഗം ഡ്രോയിംഗാണ്. 30 മിനിറ്റ് പരീക്ഷാ സമയം. UCEED റാങ്ക് ലിസ്റ്റ് ഇല്ലാതെ ബി.ഡെസ് കോഴ്സിന് ചേരാവുന്ന സ്ഥാപനമാണ് എൻ.ഐ.ഡി അഹമ്മദാബാദ്.

(ഇൻപുട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ,പാല)