
കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഈവർഷത്തെ ഡോ. തൊടിയൂർ ശാർങ്ഗധരൻ സ്മാരക പുരസ്‌കാരത്തിന് ഡോ. സി.വി. സന്ധ്യ അർഹയായി.
അസോസിയേഷന്റെ മുൻസംസ്ഥാന പ്രസിഡന്റും ജനൽ സെക്രട്ടറിയും കൊല്ലത്തെ പ്രസിദ്ധ ചികിത്സകനുമായിരുന്ന ഡോ. തൊടിയൂർ ശാർങ്ഗധരന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ നാലാമത് പുരസ്‌കാരമാണിത്. അസോസിയേഷന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയെന്ന നിലയിലെ പ്രവർത്തനം വിലയിരുത്തിയാണ് സംസ്ഥാനതല പുരസ്‌കാരം നല്കുന്നത്. എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ഈമാസം ആറിന് നടക്കുന്ന അസോസിയേഷന്റെ 39ാം സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
മലപ്പുറം ജില്ലയിലെ തെന്നല ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ. സന്ധ്യ കോട്ടയ്‌ക്കൽ പാണ്ടമംഗലം സ്വദേശിയാണ്. റിട്ടയേർഡ് അദ്ധ്യാപകരായ സി. വാസുദേവന്റെയും സുമയുടെയും മകളാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാല ഗവേഷണ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. എ.കെ. അനൂപ് ഭർത്താവാണ്. വിദ്യാർത്ഥിനി ആദ്യശ്രീ മകളാണ്.