y
ജീർണാവസ്ഥയിലായ ഹരിജന ക്ഷേമ വിവിധോദ്ദേശ സഹകരണ സംഘം കെട്ടിടം

* നോക്കുകുത്തിയായിട്ട് കാൽനൂറ്റാണ്ട്

തൃപ്പൂണിത്തുറ: തെക്കുംഭാഗം പനക്കൽ ക്ഷേത്രത്തിന് സമീപം 9.5 സെന്റിൽ സ്ഥിതിചെയ്യുന്ന ഹരിജനക്ഷേമ വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. ഇവിടെ നിലവിൽ നഗരസഭ നടത്തുന്ന ഹോമിയോ ഡിസ്പെൻസറിമാത്രം പ്രവർത്തിക്കുന്നു. സംഘത്തിന്റെ ഒരുകോടിരൂപയോളം വിലമതിക്കുന്ന സ്ഥലവും 1500 ചതുരശ്രഅടി ഇരുനിലകെട്ടിടവും നാശത്തിന്റെ വക്കിലാണ്.

1990 മേയിൽ അന്നത്തെ സഹകരണമന്ത്രി ടി.കെ. രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങൾക്ക് ഉപകാരപ്രദമായ പല സംരംഭങ്ങളും തുടങ്ങിയിരുന്നു. ആദ്യം തുറന്ന പലചരക്കുകട 4 വർഷത്തോളം നല്ലരീതിയിൽ നടത്താനായി. പിന്നീട് ആരംഭിച്ച പ്രിന്റിംഗ് പ്രസ് യൂണിറ്റ് കുറച്ചുനാൾ പ്രവർത്തിച്ചു. 10 യൂണിറ്റുമായി തുടങ്ങിയ തയ്യൽക്ലാസിൽ പഠിച്ചിറങ്ങിയ വനിതകൾക്ക് സ്വയംതൊഴിൽ നേടാനായി. ധാന്യങ്ങൾ പൊടിക്കുന്ന മില്ലും ആരംഭിച്ചു.

എന്നാൽ പത്തുവർഷത്തോളം അല്ലലില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിന്റെ ഭരണസമിതിയിൽ രാഷ്ട്രീയംകലരുകയും ഹരിജനങ്ങളുടെ നേതൃനിര ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ദുർദശ തുടങ്ങി. സ്ഥാപനങ്ങൾക്കെല്ലാം പൂട്ടുവീണു. പ്രിന്റിംഗ് പ്രസിലെയും മില്ലിലെയും ലക്ഷക്കണക്കിന് രൂപവരുന്ന ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. അടച്ചുറപ്പില്ലാത്ത മുകൾനില മദ്യപരുടെ താവളമായി.

അടച്ചുപൂട്ടുമ്പോൾ 600 ലധികം അംഗങ്ങളുണ്ടായിരുന്ന സ്ഥാപനം നിലനിന്നിരുന്നെങ്കിൽ ഇന്ന് 20,000 ലധികമാകുമായിരുന്നു. പ്രദേശവാസികൾക്ക് ക്ഷേമപ്രവർത്തനങ്ങളും ധനസഹായങ്ങളും സ്വയംതൊഴിലിനുള്ള വായ്‌പകളും ലഭ്യമാക്കിയിരുന്ന പ്രസ്ഥാനം അടച്ചുപൂട്ടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സഹകരണസംഘം പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 45 അംഗങ്ങൾ ചേർന്ന് ഒപ്പിട്ട നിവേദനം കണയന്നൂർ സഹകരണ സംഘം അസി. രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടുണ്ട്.

രൂപീകരണചരിത്രം

1970 കാലഘട്ടത്തിൽ തൃപ്പൂണിത്തുറ പഞ്ചായത്തിലെ തോടുകൾ മത്സ്യബന്ധനത്തിനായി രജിസ്ട്രേഷനുള്ള സംഘങ്ങൾക്ക് ലേലത്തിന് കൊടുക്കുമായിരുന്നു. ഈ സമയത്ത് ഹരിജനങ്ങൾ സൊസൈറ്റി രൂപീകരിക്കുകയും മത്സ്യബന്ധനകരാർ ഏറ്റെടുക്കുകയും ചെയ്തു. 1971ൽ ഓലഷെഡിൽ ചെമ്മീൻപീലിംഗ് യൂണിറ്റ് ആരംഭിച്ചു. 75 ൽപരം തൊഴിലാളികൾ രാപ്പകൽ കഷ്ടപ്പെട്ട് നേടിയ ലാഭവിഹിതത്തിൽനിന്ന് 1976ൽ സ്ഥലം വാങ്ങുകയും തുടർന്ന് 1990ൽ കെട്ടിടവും നിർമ്മിച്ചു.

ഹരിജനങ്ങളുടെ ആശയും അഭിലാഷവുമായ പ്രസ്ഥാനം അവരുടെ ചോരയും നീരും നൽകിയാണ് സ്ഥാപിച്ചത്. പിന്നീട് ഭരണം ഏറ്റെടുത്ത സി.പി.എം നേതാക്കളുടെ കെടുകാര്യസ്ഥതയാണ് സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം

രാജൻ പനക്കൽ,

സംഘാംഗവും പൊതു പ്രവർത്തകനും