 
കൂത്താട്ടുകുളം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളേജ് മണിമലക്കുന്നിനെ
പ്രഖ്യാപിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ പ്രഖ്യാപനം നടത്തി. തിരുമാറാടി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കോളേജ് എൻ.എസ്. എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജിനെ ഗ്രീൻ ക്യാമ്പസാക്കി മാറ്റിയത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിദ്ധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റച്ചട്ടം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിംഗിൽ എ പ്ലസ് നേടിയാണ് കോളേജ് അംഗീകാരം കരസ്ഥമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ അടുത്ത ആറു മാസത്തെ കർമ്മപദ്ധതിയുടെ പ്രകാശനം മുൻ എം.എൽ.എ, എം.ജെ ജേക്കബ് പഞ്ചായത്ത് സെക്രട്ടറി പി. പി റെജിമോന് നൽകി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. മണിലാൽ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ്,ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷ രമ മുരളിധരകൈമൾ, പഞ്ചായത്ത് അംഗം ആതിര സുമേഷ്, വി.ഇ.ഓ ആർ. പ്രിയരഞ്ജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകല ബിനോയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെ. ജിജ, നിർമ്മൽ ബാബു തുടങ്ങിയവർ സന്നിഹിതരായി.