കൊച്ചി: ഇന്ത്യയിൽ വർഷംതോറും രണ്ടുലക്ഷം സ്ത്രീകൾ സ്തനാർബുദ രോഗബാധിതരാകുന്നുവെന്ന് ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ' പിങ്ക് സെഞ്ച്വറി ' നൂറുദിന സ്തനാർബുദ സൗജന്യ പരിശോധനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പിങ്ക് ബലൂൺ പറത്തുകയായിരുന്നു അദ്ദേഹം.
മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്. ഇതാണ് മരണകാരണമാകുന്നത്. പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ നൂറു ശതമാനവും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുന്നതാണ് സ്തനാർബുദം. 40വയസ് പിന്നിടുന്ന സ്ത്രീകൾ വർഷത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും പരിശോധന നടത്തണമെന്നും ഡോ. ഗംഗാധരൻ പറഞ്ഞു. ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ അദ്ധ്യക്ഷനായി.
ആശുപത്രി ഡയറക്ടർമാരായ ഇക്ബാൽ വലിയവീട്ടിൽ, പി.വി. അഷറഫ്, ഇന്ദിരഭായി പ്രസാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഇന്ദിരാഗാന്ധി നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ജിൻസി ജോൺ, നഴ്‌സിംഗ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, ഡോ. മരിയ തുടങ്ങിയവർ സംസാരിച്ചു. നഴ്‌സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബും നടത്തി.