കൂത്താട്ടുകുളം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൽ മാതൃകാ പ്രവർത്തനം നടത്തി കൂത്താട്ടുകുളം നഗരസഭ. ക്യാമ്പയിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ പച്ചത്തുരത്ത് നിർമ്മാണവും നഗരസൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി ചുവർ ചിത്രങ്ങളും ചുവരെഴുത്തുകളും നടത്തി. കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മാലിന്യങ്ങളും പുല്ലും കാടും വളർന്നു കിടന്ന 20 സെന്റോളം വരുന്ന ഇടം പൂർണമായും വൃത്തിയാക്കി ഫലവൃക്ഷത്തൈകളും വ്യത്യസ്ത തരത്തിലുള്ള ചെടികളും നട്ട് പച്ചത്തുരുത്താക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. സെൻട്രൽ ജംഗ്ഷനിലും സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും വ്യത്യസ്തമായ അലങ്കാര ചെടികളും ചെടിച്ചട്ടികളും സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിബി ബേബി ,പ്രിൻസ് പോൾ ജോൺ, അംബികാ രാജേന്ദ്രൻ, മരിയ ഗോരേത്തി, നഗരസഭ സെക്രട്ടറി എസ്. ഷീബ, ക്ലിൻ സിറ്റി മാനേജർ എം.ആർ. സാനു, ഹരിത കേരളം റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. യുവകർഷകൻ ഡയസ് പി. വർഗീസിനെയും നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. പരിപാടിയിൽ നഗരസഭ കൗൺസിലർമാർ,നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, വ്യാപാരി സംഘടന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.