mookambika-temple-
ദക്ഷിണ മൂകാംബിക ക്ഷേത്രം

പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പത്തുനാൾ നീളുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വിജയദശമിദിനമായ 13 വരെ അഷ്‌ടാഭിഷേകം, ചിറപ്പ്, കളഭം, ദേവീപാരായണം എന്നിവയുണ്ടാകും. സരസ്വതീപൂജ, ശ്രീവിദ്യാമന്ത്രാർച്ചന, ഭഗവതിസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ. ദിവസവും അത്താഴപൂജയ്ക്ക് ശേഷം വിശേഷാൽ കഷായം വിതരണമുണ്ടാകും. ഒന്നാം ദിവസം മുതൽ സരസ്വതീ മണ്ഡപത്തിൽ സംഗീതോത്സവം നടക്കും. ഇന്ന് വൈകിട്ട് 6ന് ഹൈബി ഈഡൻ എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, പറവൂർ തമ്പുരാൻ പൃഥിരാജ് രാജ, ചലച്ചിത്ര പുരസ്കാര ജേതാവ് ആദർശ് സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. 7.30ന് സംഗീതാർച്ചന, രാത്രി 8.30ന് നൃത്തം, 9.30ന് നൃത്താഞ്ജലി എന്നിവയുണ്ടാകും. തുടർന്നുള്ള ഉത്സവ ദിനങ്ങളിൽ കലാകാരന്മാർ നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, ഭജൻസന്ധ്യ, വാദ്യസംഗീത പരിപാടികൾ തുടങ്ങിയവ അവതരിപ്പിക്കും. പത്ത് ദിവസം നവരാത്രി സംഗീതമണ്ഡപത്തിൽ ഒട്ടേറെ കുരുന്നുകൾ അരങ്ങേറ്റം നടത്തും. 10 വൈകിട്ട് 6.45നാണ് പൂജവയ്പ്‌. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്‌തകങ്ങൾ പൂജയ്ക്കുവയ്ക്കും. വിജയദശമി ദിനമായ 13ന് പുലർച്ചെ അഞ്ചിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭ മണ്ഡപത്തിൽ ഗുരുക്കൻന്മാ‌ർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വൈകിട്ട് ഏഴിന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോയോടെ നവരാത്രി ആഘോഷം സമാപിക്കും.