 
വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനായ ചെറായി ദേവസ്വംനട ഇന്നലെ പകൽ മുഴുവൻ ഗതാഗതക്കുരുക്കിലായി. അവധി ദിനങ്ങളിൽ ചെറായി ബീച്ചിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ തിരക്ക് മൂലം വൈകുന്നേരങ്ങളിൽ സാധാരണയായി ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇന്നലെ പുതിയ കാന നിർമ്മാണ ജോലികൾ കാരണമാണ് പകൽ മുഴുവനും ഗതാഗതം തടസപ്പെട്ടത്. കാനക്കായി മണ്ണെടുക്കുന്ന ജെ.സി.ബിയും മണ്ണ് കൊണ്ടുപോകുന്നതിന് പാർക്ക് ചെയ്തിട്ടിരിക്കുന്ന ലോറിയും ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുത്തി. ട്രാഫിക് ബ്രേക്കിംഗ് ബോർഡുകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
നൂറ്റിയിരുപതോളം സ്വകാര്യബസുകൾ, ഇരുപതോളം കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ചരക്ക് വാഹനങ്ങൾ എന്നിവ കടന്നു പോകുന്ന ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കുന്നില്ല എന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ജംഗ്ഷനിൽ കാന നിർമ്മാണം നടക്കുമ്പോൾ മാർഗതടസം ഉണ്ടാകുമെന്ന് മനസിലാക്കി പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കാത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാനനിർമ്മാണം തുടരുമെന്നതിനാൽ പൊലീസിനെ ജംഗ്ഷനിൽ പകൽ മുഴുവൻ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.