മൂവാറ്റുപുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ ഗാന്ധി ജയന്തി ദിനത്തിൽ പൊതു ശുചീകരണം സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ അംഗണവാടി ജീവനക്കാർ, സന്നദ്ധ സംഘടന ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ സേന തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. മാർക്കറ്റ് ബസ് സ്റ്റാൻഡ്, ചാലിക്കടവ് ജംഗ്ഷൻ, കീച്ചേരിപ്പടി, എവറസ്റ്റ് ജംഗ്ഷൻ, നെഹ്റു പാർക്ക്, കച്ചേരിത്താഴം, പി.ഒ. ജംഗ്ഷൻ തുടങ്ങി നഗരത്തിൽ ഒട്ടാകെ പൊതു ശുചീകരണം നടത്തി. ഇതിനു പുറമേ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം, ലത, കടാതി പാലങ്ങളുടെ കൈവരികളിൽ ഘടിപ്പിച്ച പൂച്ചട്ടികളിൽ ചെടികൾ നട്ടു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിനി ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾ സലാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീര കൃഷ്ണൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ പി.പി. നിഷ, ഫാ. ആന്റണി പുത്തൻകുളം, നഗരസഭ ക്ലീൻ സിറ്റി മാനേജർ എ. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.