rape

കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ അഭിഭാഷകൻ മുഖേന പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇരയ്ക്ക് എതിരെ കേസ്. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയുടെ ഭാര്യയായ മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. കോടതി നിർദ്ദേശപ്രകാരം ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ വിശദമൊഴി ഉടൻ രേഖപ്പെടുത്തും.

ഏപ്രിലിലാണ് മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഭർത്താവിനെതിരെ നോർത്ത് പൊലീസ് പീഡക്കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതിയോട് ഇര തന്നെയാണ് ഇൻസ്റ്റാഗ്രമിലൂടെ ഇക്കാര്യം അറിയിച്ചത്. തെളിവെന്ന നിലയിൽ ചിത്രങ്ങളും കൈമാറി. തുടർന്ന് യുവതി മലപ്പുറത്തെത്തി ഭർത്താവിനെ കണ്ടു. ഇരയെ പരിചയമുണ്ടെന്നും പീഡിപ്പിച്ചിട്ടില്ലെന്നും അറിയിച്ചു.

ഭർത്താവിന് നിയമസഹായം നൽകാൻ ഇവർ മുന്നിൽ നിൽക്കുകയായിരുന്നു. കേസിൽ ഒരുമാസത്തിനകം ഭർത്താവിന് ജാമ്യം ലഭിച്ചു.

 നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഇര പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെട്ട് കേസിൽ നിന്നു പിന്മാറാൻ തയ്യാറാണെന്നും പകരം നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആശ്യപ്പെട്ടു. പിന്നീട് 10 ലക്ഷമായി നഷ്ടപരിഹാരത്തുക ഉയർത്തി. തുടർന്ന് പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു.

ഇടനിലയായി നിന്ന അഭിഭാഷകൻ ലൈംഗിക താത്പര്യത്തോടെ സംസാരിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.

 ശബ്ദരേഖ പരിശോധിക്കും

സംഭവത്തിൽ ഇര പണം ആവശ്യപ്പെടുന്ന ശബ്ദരേഖ പരാതിക്കാരി മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ശബ്ദരേഖയടക്കമുള്ള തെളിവുകൾ ശേഖരിച്ചശേഷം ഇരയെയും അഭിഭാഷകനെയും ചോദ്യംചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.