
തൃപ്പൂണിത്തുറ: കടുത്ത രോഗത്തിന് അടിമയായിട്ടും മരുന്നു വാങ്ങാൻ വച്ചിരുന്ന പണം വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കവിയും സാമൂഹ്യ പ്രവർത്തകനുമായ രാജു കാര്യാന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ഇപ്പോൾ രോഗപീഡ വർദ്ധിച്ചതോടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്.
തൊണ്ടയിൽ കടുത്ത കാൻസർ ബാധിച്ച് കുര്യാന് ശബ്ദം നഷ്ടപ്പെട്ടു. പൊതു വിഷയങ്ങളിൽ നിരവധി ഒറ്റയാൻ സമരങ്ങൾ നടത്തി ശ്രദ്ധനേടിയ കവി നാലു കവിതാ സമാഹാരങ്ങളും 27 ലേഖനങ്ങളും നിരവധി വിപ്ലവഗാനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവ സൈക്കിളിലും നടന്നും വിറ്റുകിട്ടുന്ന തുകയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായവും കൊണ്ടാണ് മരുന്നും മറ്റും വാങ്ങിയിരുന്നത്. രണ്ടാമതൊരു സർജറി കൂടി വേണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. പരിശോധനയ്ക്കായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി അടുത്ത ആഴ്ച് ആശുപത്രിയിലെത്തണം. ഇതുവരെ സ്വന്തം ചികിത്സയ്ക്കായി 5 ലക്ഷം ചെലവാക്കി കഴിഞ്ഞു. അതിലേറെയും കടമാണ്. ഭാര്യ ജിജിയുടെ ചികിത്സ്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചെലവായി. പെരുമ്പളം സ്വദേശിയായ രാജു കാര്യാൻ 24 വർഷമായി തൃപ്പൂണിത്തുറ വാടകവീട്ടിലാണ് താമസം. ഇപ്പോൾ തീരെ പുറത്തിറങ്ങാൻ കഴിയുന്നില്ല. സഹായിക്കാൻ ഫെഡറൽ ബാങ്കിന്റെ എരൂർ സൗത്ത് ശാഖയിലെ രാജു കാര്യന്റെ അക്കൗണ്ടിലേക്ക് പണം നൽകാം. അക്കൗണ്ട് നമ്പർ : 20040100065665 ഐ.എഫ്.എസ്.സി FDRL0002004, ഗൂഗിൾപേ നമ്പർ: 6282834751