p
കളമശേരി എച്ച്.എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം മന്ത്രി പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: തിരക്കേറിയ കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം ആരംഭിച്ചു. പൊലീസിന്റെ നിയന്ത്രണത്തിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

അവധിദിവസമായിരുന്നതിനാൽ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഐ.ടി.ഐ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ജംഗ്ഷനും പരിസരത്തും തുടക്കത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ പൊലീസ് രംഗത്തിറങ്ങിയിരുന്നു. ദേശീയപാതവഴി വരുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ എച്ച്.എം.ടി ജംഗ്ഷൻ വഴിയെത്തുന്നതും ടി.വി.എസ് ജംഗ്ഷനിൽനിന്ന് തിരിയുന്നതുമാണ് ആദ്യദിവസം സംശയങ്ങൾ സൃഷ്‌ടിച്ചത്. ആലുവയിലേയ്ക്ക് പോകുന്ന ബസുകൾ എച്ച്.എം.ടി ജംഗ്ഷനെ ഒഴിവാക്കുന്നത് യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നതും വിലയിരുത്തും. സമീപത്തെ റോഡുകളെല്ലാം വീതികൂട്ടുകയും സൂചനാബോർഡുകൾ സ്ഥാപിക്കുകയും ചെയ്തത് ആശങ്കകൾ ഒഴിവാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പരിഷ്‌കാരം മന്ത്രി പി. രാജീവ് ഫ്‌ളാഗ് ഓഫ് ചെയ്തു. കളമശേരി നഗരസഭ അദ്ധ്യക്ഷ സീമ കണ്ണൻ, കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പരിഷ്കാരം ഇങ്ങനെ

# ദേശീയപാതയിൽ ആര്യാസ് കവല, എച്ച്.എം.ടി കവല, ടി.വി.എസ് കവല ഉൾപ്പെടുന്ന പ്രദേശം ട്രാഫിക് റൗണ്ടാക്കിയാണ് പരിഷ്‌കാരം

#സിഗ്നലുകളും വാഹനങ്ങളുടെ ക്രോസിംഗും ഇല്ലാത്തതിനാൽ സുഗമമായ ഗതാഗതം സാദ്ധ്യമാകും

# റെയിൽവേ മേല്പാലത്തിൽ വാഹനങ്ങൾ ഒരുഭാഗത്തേക്ക് മാത്രമായതിനാൽ വാഹനത്തിരക്ക് കുറയുകയും കാൽനടക്കാർക്ക് ആശ്വാസമാകുകയും ചെയ്യും

# മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലാകും നടപടികൾ. എച്ച്.എം.ടി ജംഗ്ഷനിൽനിന്ന് വിവിധ ഭാഗത്തേക്കുള്ള ബസുകൾക്ക് സ്റ്റോപ്പുണ്ടാകും. വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കേണ്ടതില്ല

# മോട്ടോർ വാഹനവകുപ്പ് അധികൃതരും വോളന്റിയർമാരും ഗതാഗതക്രമീകരണത്തിന് സഹായത്തിനുണ്ടാകും

വെള്ളക്കെട്ടിനും പരിഹാരം

മൂലേപ്പാടം വെള്ളക്കെട്ട് പരിഹാരത്തിനായി വിവിധ വകുപ്പുകൾ ചേർന്ന് അഞ്ചരക്കോടി രൂപ ചെലവഴിക്കും. വിവിധ ഏജൻസികളുടെ ഫണ്ടും ബോക്സ് കൽവെർട്ട് നിർമ്മാണത്തിനായി റെയിൽവേ അനുവദിച്ച 1.40 കോടി രൂപയും ഉൾപ്പടെയാണിത്. കളമശേരി നഗരസഭയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആകെ 20 കോടി രൂപയാണ് ചെലവിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും വിജയകരമായാൽ സ്ഥിരപ്പെടുത്തും. മറ്റ് പ്രശ്‌നങ്ങളുണ്ടായാൽ അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനമെടുക്കും. രണ്ട് മാസത്തിനകം മാദ്ധ്യമങ്ങൾക്കുൾപ്പെടെ ഗതാഗത പരിഷ്‌കാരത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം. മറ്റ് നിർദ്ദേശങ്ങളുണ്ടെങ്കിൽ അതും സ്വാഗതം ചെയ്യും

പി. രാജീവ്

മന്ത്രി