പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ പ്രകൃതി രമണീയമായ ഒക്കൽ തുരുത്തിന്റെ വികസന സാദ്ധ്യതകൾ സജീവമാകുന്നു. പെരിയാറിന് നടുവിൽ സ്ഥിതിചെയ്യുന്ന ഈ തുരുത്തിനെ സഞ്ചാരയോഗ്യമാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും വാർഡ് മെമ്പർ വഴിയും 23 ലക്ഷം രൂപ ലഭ്യമാക്കാമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചതോടെയാണ് തുരുത്തിന്റെ വികസനം വേഗത്തിലാകുമെന്ന പ്രതീക്ഷ ഉയരുന്നത്. ഇതുകൂടാതെ പെരിയാറിന്റെ വശം കെട്ടി സംരക്ഷിക്കുന്നതിനും ഒക്കൽ ശിവരാത്രി കടവ് ഭാഗം മനോഹരമാക്കുന്നതിനുമായി 42 ലക്ഷം രൂപയുടെ പദ്ധതികൾ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്ന് ഉൾപ്പെട്ടതായും എം.എൽ.എ അറിയിച്ചിരുന്നു.
നേരത്തെ വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നിരുന്ന തുരുത്തിലേക്കുള്ള ഏക ഗതാഗത മാർഗം വഞ്ചികളായിരുന്നു. ഒക്കൽ പഞ്ചായത്ത് രൂപീകരിച്ച ശേഷം സാജു പോൾ എം.എൽ.എയായിരുന്ന കാലത്ത് പുഴയിലൂടെ ഒരു ചപ്പാത്ത് നിർമ്മിച്ചപ്പോഴാണ് തുരുത്ത് നിവാസികൾക്ക് ചെറിയ ആശ്വാസമായത്. ഒക്കൽ പഞ്ചായത്ത് ടൂറിസത്തിനായി 40 ഏക്കർ സ്ഥലം റവന്യൂ പുറമ്പോക്കായി അളന്നു തിരിച്ചിട്ടുണ്ട്. അവിടെ സിനിമാ ഷൂട്ടും ഫോട്ടോ ഷൂട്ടും നടക്കാറുണ്ട്. തുരുത്തിനകത്ത് റോഡ് നിർമ്മാണവും പൂർത്തിയാകുന്നു.
രാജഭരണകാലത്ത് ഇടവൂർ ശ്രീശങ്കര നാരായണ ക്ഷേത്ര നിർമ്മാണ ആലോചനക്ക് വന്നപ്പോഴാണ് ശ്രീനാരായണഗുരു തുരുത്തിൽ എത്തിയത്. പിന്നീട് തുരുത്ത് നിവാസികളുടെ നേതൃത്വത്തിൽ ഗുരുദേവക്ഷേത്രം നിർമ്മിക്കുകയും ഒക്കൽ ശിവരാത്രി ആഘോഷം ആരംഭിക്കുകയും ചെയ്തു. ഇവിടെ ഗുരുദേവകൃതികളുടെ പഠനത്തിന് ഒരു വിദ്യാലയം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ മഴക്കാലത്ത് ചപ്പാത്ത് മുങ്ങാതിരിക്കാൻ 2 മീറ്റർ ഉയർത്തിക്കെട്ടണമെന്ന ആവശ്യവും ശക്തമാണ്. അധികാരികളുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തുരുത്ത് നിവാസികൾ.
വികസനം പൂർണമായാൽ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ മാത്രമല്ല, ഗുരുദേവ തീർത്ഥാടന കേന്ദ്രം എന്ന നിലയിലും ഒക്കൽ തുരത്ത് മാറുമെന്ന കാര്യത്തിൽ സംശയമില്ല.