 
മരട്: നഗരസഭ മാലിന്യ സംസ്കരണത്തിനായി നിർമ്മിച്ച ആർ.ആർ.എഫും അതിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക മെഷിനറികളുടെയും പ്രവർത്തനത്തിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിച്ചു. നിലവിലുള്ള നഗരസഭ ആർ.ആർ.എഫിനോടു ചേർന്നാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെട്ട കൺവെയർ ബെൽറ്റ്, സോർട്ടിംഗ് ടേബിൾ, ഡീ ഡസ്റ്റർ, വെയിംഗ് മെഷിൻ എന്നിവ ഉൾപ്പെടുന്ന ആർ.ആർ.എഫ് തനത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എം.സി.എഫ് ഉദ്ഘാടനം കെ. ബാബു എം.എൽ.എയും മെഷിനറികളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷും നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാർ, മുനിസിപ്പൽ ഉദ്യയോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യ സംസ്കരണത്തിന് ഏറെ പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന മരട് നഗരസഭയിൽ നിലവിൽ ഓരോ ഡിവിഷനുകളിലുമായി നൂറോളം മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽനിന്ന് ഹരിത കർമ്മ സേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നഗരസഭയുടെ എം.സി.എഫിലേക്ക് എത്തിച്ച് അവിടെ തരംതിരിച്ചാണ് കയറ്റിഅയക്കുന്നത്.