പറവൂർ: പറവൂർ നഗരസഭ പ്രദേശത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് വ്യാവസായ പാർക്കിനായി ഭൂമിവാങ്ങിയതിൽ അധികവില നൽകിയതിലുണ്ടായ നഷ്ടം നികത്താൽ പറവൂർ നഗരസഭ മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ, മുൻ നഗരസഭ സെക്രട്ടറി വി.പി. ഷിബു എന്നിവരിൽ നിന്ന് 8.99 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ നോട്ടീസ്. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ അന്വേഷണത്തിന് ശേഷം 2021 ജൂണിൽ ഇറക്കിയ ഉത്തരവ് പ്രകാരം നഗരസഭ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. 2023ലും കഴിഞ്ഞ മാസം 23നും തദ്ദേശവകുപ്പ് ഇതുസംബന്ധിച്ച് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു. 28ന് അഡീഷണൽ സെക്രട്ടറിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ റിപ്പോർട്ട് ഹാജരാക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2015 - 2016 കാലഘട്ടത്തിൽ എസ്.സി ഫണ്ട് ഉപയോഗിച്ച് മൂന്നാം വാർഡിലാണ് 31 സെന്റ് ഭൂമി വാങ്ങിയത്. വസ്‌തുവിന് കളക്ടർ നിർദേശിച്ച വിലയിലും അധികമായി സൊലേഷ്യം ഇനത്തിൽ 8,99,000 രൂപ കൗൺസിലിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുക്കാതെ നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അധികമായി ചെലവിട്ട തുക ഇരുവരിൽ നിന്നു തുല്യമായി ഈടാക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.
അന്നത്തെ കൗൺസിലിൽ ഭരണപക്ഷവും പ്രതിപക്ഷവും ഭിന്നാഭിപ്രായങ്ങൾ ഒന്നുമില്ലാതെ എടുത്ത തീരുമാനപ്രകാരമാണ് ഭൂമി വാങ്ങിയത്. നിയമപരമായ എല്ലാ കാര്യങ്ങളും പൂർത്തീകരിക്കുകയും ചെയ്‌തു. ഭൂമിയിടപാടിൽ വീഴ്‌ച ഉണ്ടായിട്ടില്ല. തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവിനെ നിയമപരമായി നേരിടും
വത്സല പ്രസന്നകുമാർ
മുൻ അദ്ധ്യക്ഷ
പറവൂർ നഗരസഭ