 
കൊച്ചി: ഡെർമറ്റോളജിസ്റ്റാണെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം പാരിപ്പിള്ളി ചാവർകോട് ചെമ്മരുതിഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവിനെയാണ് (27) കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. പ്രതി
ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും ശസ്ത്രക്രിയയിലും പ്രാഗത്ഭ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അമിതവണ്ണം കുറയ്ക്കുന്നതിന് തിരുവനന്തപുരം സ്വദേശിനിയെ 2023 മേയ് 24ന് ശസ്ത്രകിയ ചെയ്തത്.
കടവന്ത്രയിലുള്ള മെഡിഗ്ലോ എന്ന പ്രതിയുടെ സ്ഥാപനത്തിൽവച്ച് കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്. വണ്ണം കുറയാത്തതിനെത്തുടർന്ന് 2023 ജൂൺ 11ന് ഓപ്പൺ സർജറി നടത്തി. ഇതേത്തുടർന്ന് യുവതിക്ക് മുറിവിൽ ഗുരുതര അണുബാധയുണ്ടായി. കടുത്ത വേദനയും അനുഭവപ്പെട്ടു. ജീവന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.
കോഴിക്കോടുള്ള ഒരു ഡോക്ടറുടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രതി സ്ഥാപനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 2023 മുതൽ ഇവിടെ സ്ഥാപനം നടത്തിവരികയാണ്. ഈ സ്ഥാപനത്തിൽ ആകെ മൂന്നുജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിലൊരാൾ ഇപ്പോൾ വിദേശത്താണ്. ഇവരെയും വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എറണാകുളം നോർത്ത് സ്റ്റേഷനിലും ഇയാൾക്കെതിരെ ചികിത്സയുമായി ബന്ധപ്പെട്ട് കേസുണ്ട്.
കടവന്ത്ര എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബി. ദിനേശ്, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒമാരായ ശ്രീനാഥ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.