k
അസംബ്ലി ഗ്രൗണ്ടിൽ പില്ലറിനായി ഉയർത്തിയ കമ്പികൾ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഗവ. ബോയ്സ് സ്കൂളിന് അന്യാധീനപ്പെട്ടുപോയ അസംബ്ലി ഗ്രൗണ്ട് തിരികെ ലഭിക്കാനുള്ള ഉത്തരവിറങ്ങി. തുടർച്ചയായി 100 ശതമാനം വിജയംനേടുന്ന സ്കൂളിൽ 600ലധികം കുട്ടികളാണ് പഠിക്കുന്നത്.

ഉന്നത വിദ്യാഭ്യാസവകുപ്പിന് ബി.എഡ് ക്ലാസുകൾ ആരംഭിക്കാൻ ബോയ്സ് സ്കൂളിന്റെ രണ്ട് ക്ലാസ് മുറികൾ തൃപ്പൂണിത്തുറ നഗരസഭ 2006ൽ അനുവദിച്ചിരുന്നു. ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്ന വ്യവസ്ഥയോടെയാണ് നല്കിയത്. എന്നാൽ അത് ഒട്ടകത്തിന് സ്ഥലം നൽകിയത് പോലെ ആയി. ഉന്നത വിദ്യാഭ്യാസവകുപ്പ് തങ്ങൾക്ക് ബി.എഡ് കോളജ് സ്ഥാപിക്കാൻ അവിടെ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് 2018ൽ കോടതിയിൽ ഹർജി നൽകി. എതിർകക്ഷിയായ സ്കൂൾ അധികൃതരുടെ അഭാവത്തിൽ ഹർജി ഒത്തുതീർപ്പാക്കിയ കോടതി 35സെന്റ് സ്ഥലം അളന്നുതിരിക്കാനും ഒരു വർഷത്തിനുള്ളിൽ ബി.എഡ് കോളേജ് അവിടെ സ്ഥാപിക്കാനും നിർദ്ദേശിച്ചു.

* 2010ൽ കോളേജിനുള്ള നിർമ്മാണം തുടങ്ങി

എന്നാൽ സ്ഥലം അളന്നുതിരിക്കാതെ 2010ൽ കോളേജിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂൾ അസംബ്ലി ഗ്രൗണ്ടിൽ ആരംഭിച്ചു. അന്നത്തെ പി.ടി.എ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. എന്നാൽ അതിനകം തന്നെ കോൺക്രീറ്റ് പില്ലറുകളും കമ്പികളും നിർമ്മാണ ഉപകരണങ്ങളും സ്കൂൾ അസംബ്ലി ഗ്രൗണ്ടിൽ നിറഞ്ഞു. അപകടകരമായി പില്ലറിനായി ഉയർത്തിയ കമ്പികളും പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും വെട്ടിയ മരത്തിന്റെ തടിക്കഷണങ്ങളും മൂലം കുട്ടികൾക്ക് അസംബ്ലി കൂടാനോ പി.ടി നടത്താനോ സ്ഥലം ഇല്ലാതായി.

* ഒരു മാസത്തിനകം ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കണം

പി.ടി.എയും ഉന്നത വിദ്യാഭ്യാസവകുപ്പും കോടതിയിൽ നടത്തിയ അനേക വ്യവഹാരങ്ങൾക്ക് ഒടുവിലാണ് കോടതിയിൽനിന്ന് സുപ്രധാനമായ വിധി വന്നത്. ഹൈക്കോടതി എതിർകക്ഷികളോട് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഇരുമ്പ് കമ്പികൾ ഒരു മാസത്തിനകം നീക്കംചെയ്യണമെന്നും ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്.

ബി.എഡ് കോളേജ് വൈകാതെ മേക്കരയിലെ ഗവ. കോളജിന്റെ പഴയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ തങ്ങൾക്ക് നഷ്ടപ്പെട്ട ക്ലാസുമുറികളും ബോയ്സ് ഹൈസ്കൂളിന് സ്വന്തമാകും.