kottayam

കൊച്ചി: കോട്ടയം-എറണാകുളം പാതയിലെ ട്രെയിനുകളിൽ രാവിലെയുണ്ടാകുന്ന തിരക്കിന് പരിഹാരമായി പുതിയ മെമു എത്തുന്നു. മെമുസ്പെഷ്യൽ ട്രെയിൻ ഏഴു മുതൽ ആരംഭിക്കും. ജനുവരി മൂന്നുവരെ ശനിയും ഞായറും ഒഴികെ കൊല്ലം-എറണാകുളം (കോട്ടയം വഴി) സ്പെഷ്യൽ സർവീസ് നടത്തും. സതേൺ റെയിൽവേ കോച്ചുകളും എൻജിനും സംഘടിപ്പിച്ചാണ് സ്പെഷ്യൽ മെമു ഓടിക്കുന്നത്. 8 കോച്ചുകളുണ്ടാകും. വേണാട്, പാലരുവി ട്രെയിനുകളിലെ ദുരിതയാത്രയെ തുടർന്ന് കൊടിക്കുന്നിൽ സുരേഷിന് നൽകിയ നിവേദനത്തിലാണ് നടപടി. കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ കോട്ടയം പാതയിലെ തിരക്കിന് മാത്രമല്ല, വേണാടിന് സ്റ്റോപ്പ്‌ ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും സർവീസ് ഒരു പരിഹാരമാകും.

സമയം ഇങ്ങനെ

രാവിലെ 6.15ന് കൊല്ലത്തു നിന്നു സർവീസ് ആരംഭിക്കുന്ന മെമു 9.35ന് എറണാകുളം ജംഗ്ഷനിൽ (സൗത്ത്) എത്തിച്ചേരും. മടക്ക ട്രെയിൻ 9.50ന് എറണാകുളത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തും.

 40 ദിവസം, അഞ്ചു ദിന സർവീസ്

 ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ്.

 മറ്റ് സ്റ്റോപ്പുകളും സമയവും പുറത്തുവിട്ടിട്ടില്ല.

വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായിരുന്നു.

 രാവിലെ 9.35ന് എറണാകുളത്ത് എത്തിച്ചേരുന്നതിനാൽ ഓഫീസ് ജോലിക്കായി കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുന്നവർക്കും സർവീസ് ഗുണകരമാകും.

 പുനലൂരിൽ നിന്ന് പുതിയ മെമു

റെയിൽവേ ബോർഡ് പുതിയ മെമു റേക്ക് അനുവദിക്കുന്നതോടെ പുനലൂരിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസായി കൊല്ലം-എറണാകുളം സർവീസ് മാറും. റെയിൽവേ ബോർഡുമായി ബന്ധപ്പെട്ട് പുതിയ കോച്ചിനായി ശ്രമം തുടരും.

സെപ്തംബർ 23ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവത്തെ തുടർന്നാണ് നടപടി.

പുലർച്ചെ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു സർവീസ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിറുത്തുമെന്നതാണ് വലിയ ആശ്വാസം.


ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്‌പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കും.

കൊടിക്കുന്നിൽ സുരേഷ് എം.പി

ഒരു മാസം 40 ട്രിപ്പ്

ഒക്ടോബർ 7 മുതൽ നവംബർ 7 വരെ


കൊല്ലം 6.15 എ.എം. : എറണാകുളം 9.35 എ.എം.

എറണാകുളം 9.50 എ.എം. : കൊല്ലം 1.30 പി.എം.


സ്റ്റേഷനുകൾ

 എറണാകുളം

തൃപ്പൂണിത്തുറ

മുളന്തുരുത്തി

പിറവം റോഡ്

വൈക്കം റോഡ്

കുറുപ്പന്തറ

ഏറ്റുമാനൂർ

കോട്ടയം

ചങ്ങനാശേരി

തിരുവല്ല

ചെങ്ങന്നൂർ

മാവേലിക്കര

കായംകുളം

കരുനാഗപ്പള്ളി

ശാസ്താംകോട്ട

കൊല്ലം