* വില്ലനായത് കായലിലെ ആഴക്കുറവ്
കൊച്ചി: എറണാകുളം - അരൂക്കുറ്റി ബോട്ട് സർവീസ് പരീക്ഷണം പരാജയം. ജനങ്ങളുടെ നിരന്തരമായ ആവശ്യം മൂലമാണ് പുതിയ ബോട്ട് വകുപ്പ് അനുവദിച്ചത്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചപ്പോൾ കായലിൽ ചെളിയിൽ തട്ടി ബോട്ട് മുമ്പോട്ട് പോകാനാവാതെ വന്നു. ഇതോടെ ഉദ്യമം വകുപ്പ് ഉപേക്ഷിക്കുകയായിരുന്നു.
പുതിയ സർവീസായി രാവിലെയും വൈകിട്ടുമാണ് സർവീസ് നടത്താൻ വകുപ്പ് തീരുമാനിച്ചിരുന്നത്. ജലസേചനവകുപ്പ് ചെളിമാറ്റിയാൽ സർവീസ് നടത്തുന്ന കാര്യം തീരുമാനിക്കും. പല സ്ഥലങ്ങളിലും ആഴമില്ലാത്തതിനാൽ സർവീസ് നടത്തിയാൽ വലിയ അപകടത്തിന് കാരണമാകും. അരൂർ- തുറവൂർ ദേശീയ പാതയിൽ എലവേറ്റഡ് ഹൈവേനിർമ്മാണം മൂലം തുടരുന്ന കനത്ത ഗതാഗത തടസത്തെ തുടർന്നാണ് എറണാകുളം - അരൂക്കുറ്റി ബോട്ട് സർവീസിനായി ജനങ്ങൾ വകുപ്പിനെ സമീപിച്ചത്.
സമയം ലാഭിക്കാം
എറണാകുളത്തുനിന്ന് തുറവൂർവരെ എത്തണമെങ്കിൽ ബ്ലോക്കിൽപ്പെട്ട് മണിക്കൂറുകൾ കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും ജോലിക്കും പഠനത്തിനുമായി പോകേണ്ടവർ ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലർക്കും പകുതിദിവസത്തെ ശമ്പളംവരെ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഒന്നര മണിക്കൂറോളം ബ്ലോക്ക് കിട്ടുന്ന അവസ്ഥയുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ ബോട്ട് സർവീസിനെക്കുറിച്ച് വകുപ്പ് തീരുമാനമെടുത്തത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് സർവീസ് നടത്തിയാൽ യാത്രക്കാർക്ക് വലിയ ഉപകാരമാകുമായിരുന്നു. സ്റ്റോപ്പുകളും സമയവും തീരുമാനിച്ചിട്ടില്ല.
സർവീസ് നടത്താനുദ്ദേശിച്ച സ്ഥലത്ത് വലിയ തോതിൽ ചെളിയുണ്ട്. ആഴക്കുറവുള്ളതിനാൽ ജലസേചനവകുപ്പ് ഡ്രഡ്ജിംഗ് നടത്തിയാൽ സർവീസ് നടത്തുന്നതിനെപ്പറ്റി ആലോചിക്കാം. പദ്ധതി പൂർണമായി വേണ്ടെന്ന് വച്ചിട്ടില്ല.
ഷാജി വി. നായർ
ഡയറക്ടർ
ജലഗതാഗതവകുപ്പ്