അങ്കമാലി: റോബോട്ടിക് സർജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ 4.82 കിലോഗ്രാം വലിപ്പമേറിയ ഫൈബ്രോയ്ഡ് നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സിലെ മെഡിക്കൽ സംഘം. ഇത്രയും വലിപ്പമേറിയ ഫൈബ്രോയ്ഡ് ഇന്ത്യയിൽ ആദ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ ലീഡ് കൺസൾട്ടന്റായ ഡോ. ഊർമിള സോമന്റെ നേതൃത്വത്തിൽ നടന്ന സർജറിയിൽ ഡോ. അമ്പിളി ജോസ്, ഡോ. മുഗ്ത റസ്തഗി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ഹോർമീസ് സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. 40 മില്ലീ ലിറ്റർ മാത്രമായിരുന്നു സർജറിയിൽ രക്തനഷ്ടമെന്നും സർജറിക്ക് ശേഷം രണ്ടാം ദിവസം രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചതായും ഡോ. ഊർമിള പറഞ്ഞു. സങ്കീർണമായ സന്ദർഭങ്ങളിൽ റോബോട്ടിക് സർജറി പ്രോത്സാഹിപ്പിക്കുമെന്ന് അപ്പോളോ അഡ്‌ലക്‌സ് സി.ഇ.ഒ ബി. സുദർശൻ അറിയിച്ചു.