1
വി.എസ്. കൃഷ്ണൻ ഭാഗവതർ പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിന് കെ.ജെ മാക്സി എം.എൽ.എ നൽകുന്നു

പള്ളുരുത്തി: വി.എസ്. കൃഷ്ണൻ ഭാഗവതർ സ്മാരക പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിനു സമർപ്പിച്ചു. പള്ളുരുത്തി ധന്വന്തരി ഹാളിൽ നടന്ന കൃഷ്ണൻഭാഗവതവർ അനുസ്മരണ വേദിയിലായിരുന്നു ചടങ്ങ്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.കെ. പ്രകാശൻ അദ്ധ്യക്ഷനായി. പരേതയായ തങ്കമ്മ കൃഷ്ണന്റെ സ്മരണയ്ക്കായി 10 കലാകാരന്മാരെ ട്രസ്റ്റ് വക ആരോഗ്യ പരിരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം 1000രൂപപ്രകാരം 12 മാസം നൽകുന്നതിന് തുടക്കംകുറിച്ചു.

എം.ബി. ബാഷ, നെൽസൺ കൊച്ചി, വി.എസ് രാജൻ, സുഗുണ പള്ളുരുത്തി , കൊച്ചിൻ ബാബു, കെ. പി. പ്രകാശൻ, സുപ്രി അറക്കൽ എന്നീ കലാകാരന്മാരെ ആദരിച്ചു. സരസ്വതി മെറ്റൽ വർക്സിലെ ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസഹായം നൽകി. വി.കെ. പ്രതാപൻ, കെ.എം. ധർമ്മൻ,ഇടക്കൊച്ചി സലിംകുമാർ, കെ.വി. സുധീർരാജ്, ഷീബാ ഡുറോം, സോണി കെ. ഫ്രാൻസീസ്, ഇന്ദു ദീപക് എന്നിവർ സംസാരിച്ചു. നിധികൃഷ്ണയുടെ നൃത്തവും അജിത പ്രകാശ് നയിച്ച സവിനയ വാനമ്പാടികളുടെ ഗാനസന്ധ്യയുമുണ്ടായി. കൃഷ്ണൻ ഭാഗവതർ ട്രസ്റ്റാണ് പരിപാടിയുടെ സംഘാടകർ.