കൊച്ചി: എ.ഡി.ജി.പി അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് വാർത്താസമ്മേളനത്തോടെ കൂടുതൽ വ്യക്തമായെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രസ്‌താവനയിൽ പറഞ്ഞു. തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഡി.ജി.പി കണ്ടെത്തിയ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ തുടരാൻ അനുവദിക്കുന്നത് ഹിന്ദുസമൂഹത്തെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് മകളുടെ കള്ളക്കടത്ത് ഇടപാടുകൾ വെളിയിൽ വരാതിരിക്കാനാണ്. തിരുവനന്തപുരം സ്വർണക്കടത്ത് പിടിച്ചപ്പോൾ സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി സരിത്തിനെ അജിത് കുമാർ അനധികൃതമായി കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ അജിത് കുമാറിന് അറിയാമെന്നും മുരളീധരൻ പറഞ്ഞു.