കെ.സി. സ്മിജൻ
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ പൊതുയോഗങ്ങൾക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ സംഘടനകൾക്കും വ്യക്തികൾക്കുമെല്ലാം ആശ്വാസമായി നഗരസഭയുടെ നേതൃത്വത്തിൽ സ്ഥിരം പൊതുയോഗ വേദി തുറന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയമാണ് വേദിക്ക് നൽകിയിരിക്കുന്നത്.
പതിറ്റാണ്ടുകളോളം ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഓൺലൈൻ ടാക്സികളുടെ കടന്നുവരവോടെ സ്റ്റാൻഡ് ടാക്സികളില്ലാതെ കാലിയായി. പിന്നീട് ഇവിടം രാപ്പകൽ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു. നഗരവികസനം കൂടി മുൻനിർത്തിയുമാണ് സ്‌ക്വയർ രൂപപ്പെടുത്തിയത്. രാത്രി മതിയായ വെളിച്ചവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ഉമ്മൻചാണ്ടി സ്ക്വയറിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ജെബി മേത്തർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ മുഖ്യാതിഥികളായി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, കൗൺസിലർ പി.പി. ജെയിംസ്, മുനിസിപ്പൽ സെക്രട്ടറി പി.ജെ. ജെസിത എന്നിവർ സംസാരിച്ചു.
ജനകീയ മുഖ്യമന്ത്രിയുടെ നാമം
ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ ജനഹൃദയങ്ങളിൽ എക്കാലവും നിലകൊള്ളുന്നയാൾ എന്ന നിലയിലാണ് ഓപ്പൺ എയർ സ്റ്റേജിന് ഉമ്മൻചാണ്ടി സ്ക്വയർ എന്ന് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്.
ബി.ജെ.പി ബഹിഷ്കരിച്ചു, എൽ.ഡി.എഫുകാരും എത്തിയില്ല
ചട്ടങ്ങൾ പാലിക്കാതെയാണ് ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചതെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർ ഉദ്ഘാടനം ബഹിഷ്കരിച്ചു. ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ഓംബുഡ്സ്മാനെ സമീപിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് ഔദ്യോഗികമായി ബഹിഷ്കരിച്ചില്ലെങ്കിലും പരിപാടിയിൽ ആരുമെത്തിയില്ല. പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ബൈജു എന്നിവർ ആശംസ പ്രാസംഗികരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. സ്വകാര്യ ആവശ്യമുണ്ടായതിനാലാണ് വിട്ടുനിന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ് കുമാറും പങ്കെടുത്തില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം ഉമ്മൻചാണ്ടി സ്ക്വയർ നിർമ്മിച്ചത് 15 ലക്ഷം രൂപ ചെലവിൽ.
വിശാല സൗകര്യമുള്ള ഓപ്പൺ വേദിയും 5,500 ചതുരശ്ര അടി വിസ്‌തീർണവുമുള്ള ടൈൽ വിരിച്ച ഓപ്പൺ യാർഡും.