കൊച്ചി: ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു.
ഹൈക്കോടതി പരിസരത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കമ്മിഷണർ ഓഫീസിന് സമീപം ബാരിക്കേടുവച്ച് പൊലീസ് തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അറസ്റ്റുചെയ്ത നേതാക്കളെ സെൻട്രൽ പൊലിസ് സ്റ്റേഷനിൽനിന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ ജാമ്യത്തിൽ ഇറക്കി.
പ്രതിഷേധമാർച്ച് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. സലിം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. സുബൈർ, ട്രഷറർ പി.എം. നാദിർഷ, ജില്ലാഭാരവാഹികളായ കെ.എ. ഷുഹൈബ്, പി.എ. ഷിഹാബ്, അബ്ദുള്ള കരോളി, കബീർ നത്തേക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.