
കൊച്ചി: അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ അഭ്യർത്ഥന തള്ളിയതോടെ എറണാകുളം അതിരൂപതാ ആസ്ഥാനത്ത് വൈദികർ നടത്തുന്ന പ്രതിഷേധം നീളും. മേജർ ആർച്ച് ബിഷപ്പുൾപ്പെടെ വിദേശത്തായതിനാൽ വൈദികരുടെ ആവശ്യങ്ങളിൽ തീരുമാനം നീളുമെന്നാണ് സൂചനകൾ.
വൈദികപ്പട്ടം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആരംഭിച്ച പ്രതിഷേധം ഒരാഴ്ച പിന്നിട്ടെങ്കിലും വൈദികരും അതിരൂപതയും നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
പഠനം പൂർത്തിയാക്കിയ ഡീക്കൻമാർക്ക് വൈദികപ്പട്ടം നൽകണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കുമെന്ന് രേഖാമൂലം സമ്മതം നൽകണമെന്നാണ് സഭയുടെ ആവശ്യം. ജനാഭിമുഖ കുർബാനയും അർപ്പിക്കാൻ അനുവദിച്ചാൽ സമ്മതം നൽകാമെന്ന നിലപാടിലാണ് വൈദികർ.
പ്രതിഷേധം മൂലം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിനും ഭരണസമിതി അംഗങ്ങൾക്കും രൂപതാആസ്ഥാനത്ത് പ്രവേശിക്കാൻ കഴിയുന്നില്ല. പ്രതിഷേധം ഒഴിവാക്കണമെന്ന ബോസ്കോ പുത്തൂരിന്റെ ആവശ്യം വൈദികർ തള്ളുകയും ചെയ്തു.
സിനഡ് അന്വേഷിക്കണം
ഒരാഴ്ചയ്ക്കിടെ സമരക്കാർ രൂപതാ ആസ്ഥാനത്തുനിന്ന് എന്തൊക്കെ അപഹാരിച്ചെന്ന് സിറോ-മലബാർ സിനഡ് അന്വേഷിക്കണമെന്ന് മാർതോമ്മ നസ്രാണി സംഘം ആവശ്യപ്പെട്ടു. രൂപതയിൽ നിന്ന് വിലപിടിച്ചതെന്തോ അപഹരിക്കാനാണ് സമരാഭാസം. സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികളെ മാറ്റിനിറുത്തുന്ന ചില ബിഷപ്പുമാർ സഭാവിരുദ്ധർക്ക് രൂപതാ ആസ്ഥാനം തുറന്നുകൊടുത്ത് നാട് വിടുകയാണെന്ന് സംഘം ആരോപിച്ചു.
യോഗത്തിൽ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.