കൊച്ചി: പാർക്കിംഗിനെ ചൊല്ലിയുള്ള പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. എളമക്കര സ്വദേശി എസ്.വി. പരമേശ്വര അയ്യർക്കെതിരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയിലെ നടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന് മുന്നിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇവർ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള വാക്കോ പ്രവൃത്തിയോ ഉണ്ടായാൽ മാത്രമേ ബന്ധപ്പെട്ട വകുപ്പ് നിലനിൽക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ മൊഴിയിൽ ഹർജിക്കാരൻ ഉപയോഗിച്ച വാക്ക് പറയുന്നില്ല. അവ്യക്തതകളുണ്ടെന്നും പാർക്കിംഗിനെ ചൊല്ലിയുള്ള വാക്കുതർക്കം കേസിൽ കലാശിച്ചതെന്നാണ് പ്രഥമദൃഷ്ട്യ മനസിലാവുന്നതെന്നും വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കുകയായിരുന്നു.