 
വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലത്തിനായി കായലിന് കുറുകെ സ്ഥാപിക്കാനുള്ള ബോക്‌സ് ഗർഡർ ആദ്യ സെഗ്‌മെന്റിന്റെ കോൺക്രീറ്റിംഗ് ഇന്നലെ ആരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സെഗ്‌മെന്റൽ ബോക്‌സ് ഗർഡർ ലോഞ്ചിംഗ് രീതി ഉപയോഗിച്ചുള്ള പാലം നിർമ്മാണം.
ഈ രീതി വഴി നിർമ്മാണത്തിന്റെ വേഗത കൂട്ടുന്നതിനും പരമ്പരാഗത രീതിയിൽ നിർമ്മാണം നടത്തുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ കായലിൽ നിക്ഷേപിക്കപ്പെടുന്നത് ഒഴിവാക്കാനും സാധിക്കും . ഇത്തരത്തിലുള്ള നിർമ്മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം നിലവിൽ മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരം തടസപ്പെടാത്ത വിധത്തിൽ ക്രമീകരിക്കാനും കഴിയും. സംസ്ഥാനത്തെ പ്രമുഖ ഫിഷിംഗ് ഹാർബറുകളിൽ ഒന്നായ മുനമ്പത്തെ മത്സ്യ ബന്ധന മേഖലയെ തടസപ്പെടുത്താതെയുള്ള രീതിയിലാണ് പാലം നിർമ്മാണം.