photo
ചെറായി വസ്‌തേരി തോട്

വൈപ്പിൻ: ചെറായി വസ്‌തേരി തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എ അറിയിച്ചു. എം.എൽ. എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വസ്‌തേരി പാലത്തിന് കിഴക്ക് സംരക്ഷണ ഭിത്തി നിർമ്മാണം.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വീരൻപുഴയിൽ നിന്നാരംഭിച്ച് ചെറായി പൊഴി വഴി അറബിക്കടലിൽ എത്തുന്ന കനാലാണ് വസ്‌തേരി. എറണാകുളം കോട്ടപ്പുറം ജലപാതയിൽ ചെറായി ബോട്ടുജെട്ടിയിൽ നിന്നാരംഭിക്കുന്ന ഈ കനാലിലൂടെ ചെറായി ബീച്ചിലേക്കും രക്തേശ്വരി ബീച്ചിലേക്കും എത്താനാകും. അതിനാൽ കായൽ ടൂറിസത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന തോടാണ് വസ്തേരി.

തോടിന് ഇരുവശത്തുമായി പള്ളിപ്പുറം പഞ്ചായത്തിലെ ബോട്ടുജെട്ടി റോഡും വസ്‌തേരി റോഡും ഉള്ളതുകൊണ്ട് ജല-കര മാർഗങ്ങളിലൂടെ ബീച്ചുകളിലേക്ക് ഗതാഗത സൗകര്യമുണ്ട്. എന്നാൽ കനാലിന്റെ ഇരുവശവും ഇടിഞ്ഞു കിടക്കുകയാണ്. ഇത് നീരൊഴുക്ക് കുറയാനും മത്സ്യസമ്പത്ത് ഇടിയാനും ഇടയാക്കിയിട്ടുണ്ട്.

1.5 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള തോട് സംരക്ഷിക്കണമെന്ന നിശ്ചയദാർഢ്യമാണിപ്പോൾ ഫലം കണ്ടിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർക്കാണ് പദ്ധതി നിർവഹണ ചുമതല.