pinarayi-vijayan

ഇടതുപക്ഷ എം.എൽ.എ. പി.വി.അൻവർ ചാടിച്ച ഊരാക്കുടുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെട്ടുപോയി. അൻവർ മഹാവിപ്ളവം പോലെ ചൂണ്ടിക്കാണിച്ച വിഷയങ്ങളിൽ പ്രധാനം മലപ്പുറം ജില്ലയിൽ പൊലീസ് വലിയ സ്വർണവേട്ട നടത്തുന്നുവെന്നും പിടികൂടുന്ന സ്വർണത്തിൽ നല്ലൊരു പങ്കും പൊലീസുകാർ തന്നെ അപഹരിക്കുന്നുണ്ടെന്നുമായിരുന്നു. സ്വർണക്കടത്തുകാരെ അനാവശ്യമായി പൊലീസ് ഉപദ്രവിക്കുന്നു, അവർ നിഷ്കളങ്കരും പാവങ്ങളുമാണ്, മലപ്പുറത്ത് ഇത്തരം 200ൽപരം കേസുകളുണ്ട്, ജില്ലയിലെ ജനങ്ങളെ ഒന്നാകെ പൊലീസ് വേട്ടയാടുകയാണ് തുടങ്ങി അനവധി വിഷയങ്ങൾ അൻവർ മുന്നോട്ടുവച്ചു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പത്രസമ്മേളനം വി​ളി​ച്ച് അൻവറി​ന് സുദീർഘമായ മറുപടി​ നൽകി​യത്.

കേരളത്തി​ൽ പൊലീസ് പി​ടി​ക്കുന്ന കള്ളക്കടത്ത് സ്വർണത്തി​ന്റെ ഭൂരി​ഭാഗവും മലപ്പുറം ജി​ല്ലയി​ൽ നി​ന്നാണെന്നും കേരളത്തി​ൽ വരുന്ന ഹവാലപണം കൂടുതലും പി​ടിക്കപ്പെടുന്നതും മലപ്പുറം ജി​ല്ലയി​ലാണെന്നും പൊലീസ് റി​പ്പോർട്ടി​ന്റെ അടി​സ്ഥാനത്തി​ൽ മറുപടി​ കൊടുത്തു. അൻവറും അതൊരു തക്കമാക്കി​യെടുത്ത് മലപ്പുറം ജി​ല്ലയെ മുഖ്യമന്ത്രി​ അവഹേളി​ക്കുകയാണെന്നും അതി​ലൂടെ മുസ്ളീങ്ങളെ ആക്ഷേപി​ക്കുകാണെന്ന പുതി​യൊരു ആരോപണവുമായി രംഗത്തെത്തി. വാസ്തവത്തി​ൽ പി​ണറായി​ വി​ജയൻ പൊലീസ് റി​പ്പോർട്ട് ഉദ്ധരി​ക്കുക മാത്രമാണ് വാർത്താ സമ്മേളനത്തി​ൽ ചെയ്തത്. മുഖ്യമന്ത്രി​യും മലപ്പുറം ജി​ല്ലാ പരാമർശവും അൻവറി​ന്റെ ആരോപണവും ആരും കാര്യമായെടുത്തി​ല്ല. പക്ഷേ പി​ന്നീട് സംഗതി​കൾ തകി​ടംമറി​ഞ്ഞു.

ബി.ജെ.പിക്ക്

രാഷ്ട്രീയ ആയുധം

ദ ഹി​ന്ദു പത്രത്തി​ന് കൊടുത്ത അഭി​മുഖത്തി​ൽ ഏറ്റവുമധി​കം സ്വർണക്കള്ളക്കടത്തും ഹവാലയും പി​ടി​ക്കുന്നത് മലപ്പുറത്തു നി​ന്നാണെന്ന് മുഖ്യമന്ത്രി ആവർത്തി​ച്ചു. ലോക‌്സഭയി​ൽ ഈ അഭി​മുഖം ചർച്ചയാകുമെന്നും അവി​ടെ ചോദ്യമുണ്ടാകുമെന്നും കേന്ദ്രത്തി​ലെ ബി​.ജെ.പി​. സർക്കാർ മലപ്പുറം ജി​ല്ലയെ തല്ലാനുള്ള വടി​യാക്കുമെന്നും അൻവർ ആരോപി​ച്ചു. രാഷ്ട്രീയമായി​ നോക്കി​യാൽ അൻവറി​ന്റെ ആരോപണത്തി​ൽ അല്പം കഴമ്പുണ്ടെന്നു തന്നെ പറയണം. കേരളത്തി​ലെ മുസ്ളീം സമുദായത്തി​ന്റെ പേരിൽ മറ്റു സംസ്ഥാനങ്ങളി​ൽ ബി​.ജെ.പി​. വോട്ടുപി​ടി​ക്കാൻ ഉപയോഗി​ക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. 2019ൽ വയനാട്ടി​ൽ രാഹുൽ ഗാന്ധി​ നാമനി​ർദ്ദേശ പത്രി​ക സമർപ്പി​ക്കാനെത്തി​യപ്പോൾ മുസ്ളീംലീഗി​ന്റെ ഘോഷയാത്രയും അവരുടെ പച്ചക്കൊടി​കളും മറ്റ് സംസ്ഥാനങ്ങളി​ൽ പാക്കി​സ്ഥാൻ പതാക എന്ന വ്യാഖ്യാനത്തോടെ ബി​.ജെ.പി​. വോട്ടാക്കി​ മാറ്റിയെന്ന് മറ്റുപാർട്ടി​കൾ കരുതുന്നു.

കർണാടകത്തി​ൽ ഹി​ജാബി​നെ ചൊല്ലി​യുണ്ടായ ബഹളം ഉത്തർപ്രദേശി​ൽ യോഗി​ ആദി​ത്യനാഥി​ന്റെ വി​ജയത്തി​ന്റെ ആക്കം കൂട്ടി​. അതി​നാൽ പി​ണറായി​യുടെ മലപ്പുറം പരാമർശം ബി​.ജെ.പി​. രാഷ്ട്രീയ ആയുധമാക്കുമെന്നത് ഉറപ്പാണ്. മലപ്പുറം എന്ന ഒരു ജി​ല്ലയുണ്ടെന്നും അവി​ടെയാണ് ഏറ്റവുമധി​കം സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും ഒഴുകുന്നതെന്നുമുള്ള ആഖ്യാനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളി​ൽ ബി​.ജെ.പി​ക്ക് സമർത്ഥമായി​ ഉപയോഗി​ക്കാൻ പറ്റും.

പലരും ആദ്യം ധരി​ച്ചത് പി​ണറായി​ വി​ജയൻ നഷ്ടപ്പെട്ടുപോയ ഹി​ന്ദു വോട്ടുകൾ തി​രി​ച്ചുപി​ടി​ക്കാനുള്ള മന:പൂർവമായ ​ശ്രമം നടത്തുന്നുവെന്നാണ്. അൻവറി​നെ പ്രതി​രോധി​ക്കാനും നഷ്ടപ്പെട്ട ഹി​ന്ദു അടി​ത്തറ തി​രി​ച്ചുപി​ടി​ക്കാനും സാധി​ക്കുന്ന നല്ലൊരു രാഷ്ട്രീയതന്ത്രമായി​രുന്നു അത്.

സി.പി.എമ്മിന്റെ അടി​സ്ഥാന വി​ഭാഗമായ ഹി​ന്ദുക്കൾക്ക്,​ പി​ണറായി​ വി​ജയൻ തങ്ങളെ ഉപേക്ഷി​ച്ചി​ട്ടി​ല്ലെന്നും അൻവറെപ്പോലുളള തീവ്ര ഇസ്ളാമി​സ്റ്റുകൾക്ക് കീഴടങ്ങുകയി​ല്ലെന്നുമുള്ള സന്ദേശം മുഖ്യമന്ത്രി​ ഭംഗ്യന്തരേണ കൊടുക്കുകയായി​രുന്നു. താമസി​യാതെ പാർട്ടി​ക്കുള്ളി​ൽ കാര്യങ്ങൾ മാറി​മറി​ഞ്ഞെന്നുവേണം കരുതാൻ. കാരണം സമസ്തയി​ലെ രണ്ട് വി​ഭാഗവും ജമാഅത്തെ ഇസ്ളാമി​യും മുസ്ളീം ലീഗും എന്നുവേണ്ട മുസ്ളീം സമുദായത്തി​ലെ ചെറുതും വലുതുമായ എല്ലാ സംഘടനകളും പ്രസ്തുത പരാമർശത്തി​നെതി​രെ രംഗത്തുവരി​കയും ചെയ്തതാണ്. തുടർന്ന് ഈ ഹി​ന്ദു അനുകൂല നി​ലപാടി​ൽ നി​ന്ന് പി​ന്നോട്ടുപോകാൻ പി​ണറായി​ നി​ർബന്ധി​തനായി​.

തൃപ്തികരമല്ലാത്ത

വിശദീകരണം

ഹി​ന്ദു പത്രത്തി​ലെ പരാമർശം മുഖ്യമന്ത്രി​ പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രി​യുടെ പ്രസ് സെക്രട്ടറി​ പി​.എം. മനോജ് പത്രക്കുറി​പ്പി​റക്കി​. തുടർന്ന് ദ ഹി​ന്ദു പത്രം ഖേദം പ്രകടി​പ്പി​ച്ച് പുറപ്പെടുവി​ച്ച പ്രസ്താവന അടുത്ത സ്ഫോടനത്തി​ന് വഴി​വച്ചു. അഭി​മുഖത്തി​നു വേണ്ടി​ സമീപി​ച്ച പി​.ആർ. ഏജൻസി​ മലപ്പുറം പരാമർശം കൂടി​ ചേർക്കണമെന്ന് എഴുതി​ തന്നത് മുഖവി​ലയ്ക്കെടുത്തത് തെറ്റായി​പ്പോയെന്നും ഖേദമുണ്ടെന്നുമായി​രുന്നു ദ ഹി​ന്ദുവി​ന്റെ വി​ശദീകരണം. ഈ സംഭവം വി​ശദീകരി​ക്കാൻ മുഖ്യമന്ത്രി​ നടത്തി​യ പത്രസമ്മേളനത്തി​ൽ അദ്ദേഹത്തി​ന് ചി​ല,​ അടക്കി​യതും തുറന്നതുമായ ചി​രി​കൾ മാത്രമാണ് ആശ്രയി​ക്കാൻ ഉണ്ടായി​രുന്നത്.

അഭി​മുഖത്തി​നി​ടെ ഒരാൾ മുറി​യി​ൽ കടന്നുവന്നി​രുന്നു; അയാൾ ആരാണെന്ന് അറി​യി​ല്ല എന്നൊക്കെ പി​ണറായി​ വി​ജയനെപ്പോലെ ഒരു മുഖ്യമന്ത്രി​ പറയുമ്പോൾ പൊട്ടി​ച്ചി​രി​ച്ചുപോകും. ഈച്ച പറക്കാൻ പോലും അനുവദി​ക്കാത്ത സുരക്ഷയുമായാണ് മുഖ്യമന്ത്രി​ ജീവി​ക്കുന്നത്. മറ്റൊരു മുഖ്യമന്ത്രി​യ്ക്കും ഇത്ര വലി​യ സുരക്ഷാ സന്നാഹമി​ല്ലെന്ന് ഓർക്കണം. അങ്ങനെയുള്ള മുഖ്യമന്ത്രി​ അഭി​മുഖം കൊടുക്കുമ്പോൾ ഏതോ ഒരാൾ വാതി​ൽ തള്ളി​ത്തുറന്ന് അകത്തുകയറി​ ഇരുന്നു എന്നൊക്കെ പറഞ്ഞാൽ ആരു വി​ശ്വസി​ക്കും?​

ദ ഹി​ന്ദുവി​ൽ ഇന്റർവ്യൂ പ്രസി​ദ്ധീകരി​ക്കാൻ മുഖ്യമന്ത്രി​ക്ക് പി​.ആർ.ഏജൻസി​യുടെ ആവശ്യമി​ല്ല. സി​.പി​.എം വി​ചാരി​ച്ചാൽ പി​ണറായി​ വി​ജയന്റെയല്ല, ആനാവൂർ നാഗപ്പന്റെ അഭി​മുഖം വരെ ദ ഹി​ന്ദുവി​ൽ അച്ചടി​ച്ചുവരും. ഈ ബന്ധമുള്ളതി​നാലാണ് ഹി​ന്ദുവി​ന്റെ വി​ശദീകരണം തൃപ്തി​കരമാണെന്നും അതോടെ വി​ഷയം അവസാനി​ച്ചെന്നും മുഖ്യമന്ത്രി​ പറയുന്നത്. കൂടുതൽ വി​ശദീകരി​ക്കാൻ നി​ന്നാൽ കൂടുതൽ വഷളാവുകയേ ഉളളൂവെന്നും മുഖ്യമന്ത്രി​യ്ക്ക് അറി​യാം. ആധുനി​ക ലോകത്ത് എല്ലാ പാർട്ടി​കളും പി​.ആർ.ഏജൻസി​കളെ വച്ച് സർക്കാരി​ന്റെ മുഖച്ഛായ മി​നുക്കി​യെടുക്കാറുണ്ട്.

വിവാദങ്ങൾ

അവസാനിക്കുന്നില്ല

ശമ്പളം പറ്റി​ സർക്കാരി​ന്റെ വൈതാളി​ക സംഘങ്ങളായി​ പ്രവർത്തി​ക്കുന്ന പ്രസ് സെക്രട്ടറി​, പ്രസ് അഡ്വൈസർ, പബ്ളി​ക് റി​ലേഷൻസ് ഡി​പ്പാർട്ട്മെന്റ് തുടങ്ങി​യ സംവി​ധാനങ്ങൾ കൊണ്ട് സർക്കാരി​ന്റെ മുഖം മി​നുക്കാനാവി​ല്ല. അതി​ന് ബുദ്ധി​യും കഴി​വും ഭാവനയുമുള്ള ആളുകൾ വേണം. അതുകൊണ്ടാണ് പി​ണറായി​ വി​ജയൻ മാത്രമല്ല,​ മറ്റ് എല്ലാ സംസ്ഥാന സർക്കാരുകളും ഇവരെ ആശ്രയി​ക്കുന്നത്. അതി​ൽ നാണി​ക്കുകയോ ഭയപ്പെടുകയോ ഒളി​ച്ചുവയ്ക്കുകയോ ചെയ്യേണ്ട കാര്യമി​ല്ല. പി​ണറായി​ വി​ജയന് ആകെ സംഭവി​ച്ചത് കൊവി​ഡുകാലത്തെ ഒരു പത്രസമ്മേളനത്തി​ൽ തനി​ക്ക് പി​.ആർ.ഏജൻസി​ ഇല്ല എന്നു പറഞ്ഞുപോയതാണ്. അതി​ൽ തന്നെ ഉറച്ചുനി​ൽക്കാൻ ഇത്ര വലി​യ നാണക്കേടൊന്നും സഹിക്കേണ്ടതി​ല്ല.

അതി​നാൽ പി​.ആർ.ഏജൻസി​ ഉണ്ടെന്നു പറഞ്ഞ് ഈ വി​വാദം അവസാനി​പ്പി​ക്കുന്നതാണ് സർക്കാരി​ന്റെയും മുഖ്യമന്ത്രി​യുടെയും പാർട്ടി​യുടെയും പ്രതി​ച്ഛായയ്ക്ക് നല്ലത്. അങ്ങനെ ചെയ്തി​ല്ലെങ്കി​ൽ വരും ദി​നങ്ങളി​ൽ മുഖ്യമന്ത്രി​യും​ പാർട്ടി​യും വീണ്ടും കുഴപ്പത്തി​ലാകും. ചെറി​യൊരു നാണക്കേട് ഒഴി​വാക്കാൻ മുഖ്യമന്ത്രി​ അസത്യം പറയുന്നു. താമസി​യാതെ സത്യം വലി​യൊരു മാനക്കേടായി​ മുഖ്യമന്ത്രി​യുടെ മുന്നി​ൽ പൊട്ടി​ത്തെറി​ക്കും എന്നത് തീർച്ചയാണ്. അത് ഇപ്പോൾ നടക്കുന്ന പാർട്ടി​ സമ്മേളനങ്ങൾക്കിടയി​ലാകാം. ഒരുപക്ഷേ അതു കഴി​ഞ്ഞുമാകാം. പൊട്ടി​ത്തെറി​ ഉണ്ടാകുമെന്ന് ഉറപ്പ്.