waste-management
അങ്കമാലി നഗരസഭയുടെ സീറോ വേസ്റ്റ് കർമ്മപരിപാടി ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 വരെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശുചിത്വ പരിപാലന പദ്ധതികളായ സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവ കേരളം എന്നീ പരിപാടികളിലൂടെ അങ്കമാലിയെ സീറോ വേസ്റ്റ് നഗരസഭയായി മാറ്റുന്നതിനുള്ള ശുചീകരണ യജ്ഞത്തിന് തുടക്കമായി. അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് സീറോ വേസ്റ്റ് കർമ്മ പരിപാടികൾ നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരും അങ്കമാലി ഡിപോൾ കോളേജിലേയും മോർണിംഗ് സ്റ്റാർ കോളേജിലേയും എൻ.എസ്.എസ് വിദ്യാർത്ഥികളും നഗരസഭയിലെയും കെ.എസ്.ആർ.ടി.സി ഡിപ്പോയിലേയും ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി . നഗരസഭാ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും ശുചിത്വ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.

യോഗത്തിൽ നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ലക്സി ജോയ്, കൗൺസിലർമാരായ ലേഖ മധു, മനു നാരായണൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ആർ. അനിൽ, കെ.എസ്.ആർ.ടി.സി ഡിപ്പോ സൂപ്രണ്ട് ജാൻസി വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നവ്യ ആന്റണി, അഞ്ജു വി. നായർ എന്നിവർ പ്രസംഗിച്ചു.

നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അങ്കമാലിയെ മാലിന്യമുക്ത നഗരസഭയാക്കി രൂപപ്പെടുത്തും

മാത്യു തോമസ്

നഗരസഭാ ചെയർമാൻ

ചെയർമാൻ അറിയിച്ചു.