മൂവാറ്റുപുഴ: കൊല്ലം ലേക്ഫോർഡ് പബ്ലിക് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സംസ്ഥാന ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ തിരുവല്ല ചോയിസ് സ്കൂളിനെ 55 - 10 എന്ന സ്കോറിനാണ് വാഴക്കുളം കാർമൽ തോല്പിച്ചത്. കാർമൽ സ്കൂളിലെ നൈജൽ ജേക്കബ് ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രീക്വാർട്ടർ മത്സരത്തിൽ എറണാകുളം ഗിരിനഗർ ഭാവൻസ് വിദ്യാമന്ദിർ സ്കൂളിനെയും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കിളിമല എസ്.എച്ച് പബ്ലിക് സ്കൂളിനെയും സെമിഫൈനൽ പോരാട്ടത്തിൽ ചങ്ങനാശേരി എ.കെ.എം പബ്ലിക് സ്കൂളിനെയും തോല്പിച്ചാണ് കാർമൽ സ്കൂൾ കലാശ പോരിന് അർഹത നേടിയത്. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, കേണൽ ഫിർദോസ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കാർമൽ ടീം 2024 ഒക്ടോബർ 14 മുതൽ 20 വരെ ആഗ്രയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയതായി പരിശീലകൻ ഡോ. പ്രിൻസ് കെ. മറ്റം അറിയിച്ചു.