 
പറവൂർ: സഹോദരപുത്രൻ ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതോടെ തെരുവിലായ അമ്പത്തിയാറുകാരി പറവൂർ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് വീട്ടിൽ ലീലയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങി. 6ന് രാവിലെ ഒമ്പതരക്ക് നടക്കുന്ന താക്കോൽദാനത്തിൽ മന്ത്രി കെ. രാജൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും. പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലി സമ്മാനമായാണ് ലീലയ്ക്ക് വീട് നിർമ്മിച്ചു നൽകിയത്. 540ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് പതിനൊന്ന് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.
കഴിഞ്ഞ വർഷം ഒക്ടോബർ 19ന് ലീല ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് വീടിന്റെ നല്ലൊരുഭാഗം പൊളിച്ചുമാറ്റിയ നിലയിൽ കണ്ടത്. തുടർന്ന് കെൽസയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയും വിഷയത്തിൽ ഇടപെട്ടു. കുടുംബത്തിന് കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിയുടെ ഏഴ് അവകാശികളിൽ ഒരാളൊഴികെ ഭൂമി ലീലയ്ക്ക് നൽകാൻ തയാറായിരുന്നു. ഇതോടെ വീട് പൊളിച്ച സഹോദരന്റെ മകൻ രമേഷിനുള്ള ഒരു സെന്റ് ഭൂമി കഴിച്ചുള്ള ആറുസെന്റ് പ്രത്യേക അദാലത്ത് ചേർന്ന് ലീലയ്ക്ക് നൽകി. ഈ സ്ഥലത്താണ് പുതിയ വീട് നിർമ്മിച്ചത്. ഇതിനിടെ ലീല താമസിക്കാനായി നിർമ്മിച്ചിരുന്ന താത്കാലിക ഷെഡും സഹോദര പുത്രൻ പൊളിച്ചു. ഈ സ്‌ഥലത്ത് പ്രവേശിക്കുന്നതെന്ന ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് രമേഷിനെതിരെ പറവൂർ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.