മൂവാറ്റുപുഴ: സി.ബി.എസ്.ഇ സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം സർഗധ്വനിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷത വഹിക്കും. ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായമായി നൽകുന്ന തുകയുടെ ചെക്ക് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി സഹോദയ സെക്രട്ടറി ജൈന പോളിന് കൈമാറും. 7,8,9 തീയതികളിലാണ് പ്രധാന മത്സരങ്ങൾ. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ 92 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി പതിനഞ്ച് വേദികളിൽ 140 ഇനങ്ങളിലാണ് മത്സരം. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും.