dhanika
ധനിക പി. പ്രഭു

കൊച്ചി: മൂന്ന് വയസുള്ള മകളുടെ കഴുത്തിൽ മാരകമായി മുറിവേല്പിച്ച ശേഷം സ്വയം കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി. എറണാകുളം മുളവുകാട് കേരളേശ്വരപുരം 'ധരണി"യിൽ രാമകൃഷ്ണന്റെ ഭാര്യ ധനിക പി. പ്രഭു (30)വിനെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.

ഫെഡറൽ ബാങ്ക് കലൂർ ശാഖയിലെ ജീവനക്കാരനാണ് രാമകൃഷ്ണൻ. രണ്ട് മുറികളിലാണ് ഉറങ്ങാൻ കിടന്നതെന്നും രാവിലെ 9.15ന് ജോലിക്കുപോകാൻ നേരമായിട്ടും ഭാര്യയും മകളും മുറിക്കുപുറത്ത് വരാത്തതിനെത്തുടർന്ന് വാതിൽ തുറന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടതെന്നുമാണ് രാമകൃഷ്ണൻ പറയുന്നത്. ധനിക മരിച്ചിരുന്നെങ്കിലും കുട്ടിക്ക് ജീവന്റെ തുടിപ്പുണ്ടായിരുന്നു. അയൽവാസികളും ഗ്രാമപഞ്ചായത്ത് അംഗം സോഫി ലിവേരയും ചേർന്നാണ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.

പച്ചാളം സ്വദേശിയായ രാമകൃഷ്ണനും മട്ടാഞ്ചേരി സ്വദേശിയായ ധനികയും നാലരവർഷം മുമ്പാണ് വിവാഹിതരായത്. നാലു വർഷത്തോളം പച്ചാളത്ത് വാടകവീട്ടിലായിരുന്നു താമസം. എട്ടു മാസം മുമ്പാണ് മുളവുകാട് പഞ്ചായത്തിലെ കേരളേശ്വരപുരത്ത് സ്വന്തമായി സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്. കിടപ്പുമുറിയിലെ എ.സിയുടെ തണുപ്പ് ബുദ്ധിമുട്ടായതിനാലാണ് ഭാര്യയും മകളും മറ്റൊരു മുറിയിൽ ഉറങ്ങാൻ കിടക്കുന്നതെന്നും ധനികയ്ക്ക് ചെറിയതോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നുമാണ് രാമകൃഷ്ണൻ അയൽവാസികളോട് പറഞ്ഞത്. പ്രാഥമിക നിഗമനത്തിൽ മരണകാരണം ആത്മഹത്യയാണെന്നും സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും മുളവുകാട് പൊലീസ് പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.