കൊച്ചി: മുംബയ് സൈബർ ക്രൈം പൊലീസ് എന്ന് വ്യാജേന എറണാകുളം സ്വദേശിയുടെ 5 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കൊടുവള്ളി മണിപ്പുറം കെയ്താപ്പറമ്പിൽ വീട്ടിൽ കെ.പി. മുഹമ്മദ് തുഫൈൻ ആണ് അറസ്റ്റിലായത്. പരാതിക്കാരന്റെ മുംബയിലെ വിലാസത്തിൽ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാർഡ്, ലാപ് ടോപ്പ്, പണം, മയക്കുമരുന്നായ എം.ഡി.എം.എ എന്നിവ കൊറിയർ ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്ന മുംബയ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ പരാതിക്കാരൻ കേരള പൊലീസിനെ സമീപിക്കുകയായിരുന്നു. സൈബർ ഓപ്പറേഷൻസ് എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശാനുസരണം ഈ സംഭവവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും ഫോൺ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കോഴിക്കോട് സ്വദേശിയാണെന്ന് കണ്ടെത്തി. തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കൂടിയായ ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.