പറവൂർ: റിട്ട. കോടതി ജീവനക്കാരനും സി.പി.എം നേതാവുമായ നന്ത്യാട്ടുകുന്നം അച്ചൻചേരിൽ പി. തമ്പി (64) എറണാകുളത്തുള്ള ലോഡ്ജിൽ കഴിഞ്ഞദിവസം തൂങ്ങിമരിച്ച സംഭവത്തിന് പിന്നിൽ വഴിവിട്ട സാമ്പത്തിക ഇടപാടുകളെന്ന് സൂചന.
കൊളച്ചലിലെ മത്സ്യകയറ്റുമതി വ്യവസായി ചാൾസ് മുത്തയ്യക്ക് ചെറായി സ്വദേശി റൈജു മത്സ്യം വാങ്ങിയതിൽ ഒരു കോടിയിലധികം രൂപ നൽകാനുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പറവൂർ കോടതിയിൽ കേസ് നൽകി. കേസിന്റെ പവർ ഒഫ് അറ്റോർണി തമ്പിക്ക് നൽകിയിരുന്നു. കേസ് നടത്തിപ്പിനും കോടതിയിൽ കോർട്ട്ഫീ അടയ്ക്കാനുമായി 19 ലക്ഷത്തോളം രൂപ തമ്പി പലതവണയായി വാങ്ങി. എന്നാൽ ഈ തുകയൊന്നും അഭിഭാഷകന് നൽകുകയോ കോടതിയിൽ അടക്കുകയോ ചെയ്തില്ല. അനുകൂല വിധിയുണ്ടാകേണ്ട കേസിൽ കോർട്ട് ഫീ അടയ്ക്കാത്തതിനാൽ തള്ളുമെന്ന സ്ഥിതിയായപ്പോൾ അഭിഭാഷകൻ ഈ വിവരം ചാൾസ് മുത്തയ്യയെ അറിയിച്ചു. തുടർന്ന് തമ്പിയുടെ പവർ ഒഫ് അറ്റോർണി റദ്ദാക്കി അഞ്ച് ലക്ഷം രൂപയോളം കോടതിയിൽ അടച്ച് കേസിൽ അനുകൂല വിധിവാങ്ങി. തമ്പിക്ക് പണം നൽകിയത് ബാങ്ക് അക്കൗണ്ടിലൂടെയാണ്. വാങ്ങിയ തുക തിരിച്ചുനൽകാമെന്ന വാക്ക് പലതവണ തെറ്റിച്ചതോടെ വഞ്ചനക്കുറ്റത്തിന് തമ്പിക്കെതിരെ കേസ് നൽകാൻ ചാൾസ് മുത്തയ്യ തീരുമാനിച്ചു. ഇതിന് മുമ്പ് സി.പി.എം കന്യാകുമാരി ജില്ലാ കമ്മിറ്റി മുഖേന എറണാകുളം ജില്ലാകമ്മിറ്റിക്ക് പരാതി നൽകി. നേതാക്കൾ ഇടപ്പെട്ട് ഒത്തുതർപ്പ് ശ്രമം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ലക്ഷം രൂപ കഴിഞ്ഞ 25ന് നൽകാമെന്ന് പറഞ്ഞു. പിന്നീട് 30ലേക്ക് മാറ്റിയെങ്കിലും നൽകിയില്ല. തുടർന്ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി.
* സി.പി.എം ഒത്തുതീർപ്പിന് ശ്രമിച്ചു
ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ലോക്കൽ സെക്രട്ടറി തമ്പിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. പാർട്ടിയെടുത്ത തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായാണ് വിവരം. തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് സി.പി.എം പറവൂർ ഏരിയ കമ്മിറ്റി അറിയിച്ചു.
* ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം
തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
* 12 ലക്ഷം സുഹൃത്ത് തിരിച്ചു നൽകിയില്ലെന്ന്
തമ്പിയുടെ ആത്മഹത്യാക്കുറിപ്പ്
തമ്പിയുടെ മരണത്തിനു പിന്നിൽ 12 ലക്ഷത്തിന്റെ
പണമിടപാടെന്ന് ആത്മഹത്യാക്കുറിപ്പ്. ഉറ്റ സുഹൃത്തിന് 12ലക്ഷംരൂപ നൽകിയെന്നും ഇത് തിരികെ ലഭിക്കേണ്ട അവസാനതീയതി കഴിഞ്ഞ 30 ആയിരുന്നുവെന്നും കത്തിലുണ്ട്. ഈ പണം ലഭിക്കാത്തതിനാൽ കുറെയേറെ പ്രശ്‌നങ്ങൾ ഉണ്ടായെന്നും അതേത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് കുറിപ്പിൽ. ഒരു കേസ് നടത്തിപ്പിനുവേണ്ടി ലഭിച്ച തുകയാണ് സുഹൃത്തിന് സ്വന്തം ഇഷ്ടപ്രകാരം നൽകിയതെന്നും കത്തിലുണ്ട്.