
കൂത്താട്ടുകുളം: എം.സി റോഡിൽ കൂത്താട്ടുകുളം അമ്പലംകുന്ന് പെട്രോൾ പമ്പിനു സമീപം അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മകൾക്ക് കെ.എസ്.ആർ.ടി.സി ബസിടിച്ച് ദാരുണാന്ത്യം.
ഇടയാർ കൊച്ചുമലയിൽ അരുണിന്റെ മകൾ ആരാധ്യ അരുണാണ് (8) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിനെ കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറികടക്കുന്നതിനിടയിൽ തട്ടിവീഴ്ത്തുകയായിരുന്നു. ബസ് തട്ടി സ്കൂട്ടർ മറിയുകയും സ്കൂട്ടർ ഓടിച്ചിരുന്ന ആരാധ്യയുടെ മാതാവ് അശ്വതിയും (36), സഹോദരി ആത്മികയും (4) റോഡിലേക്ക് വീണു. ആരാധ്യ ബസിനടിയിലേക്കാണ് തെറിച്ചുവീണത്. ബസിനടിയിൽ കുട്ടിയുണ്ടെന്ന് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ആരാധ്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ പബ്ലിക് സ്കൂളിലെ മൂന്നാംക്ളാസ് വിദ്യാർത്ഥിനിയാണ്. പിതാവ് അരുൺ വിദേശത്താണ്. മാതാവ് അശ്വതി ഇതേ സ്കൂളിലെ അദ്ധ്യാപികയാണ്. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അശ്വതിക്കും ആത്മികയ്ക്കും സാരമായ പരിക്കില്ല.