കൊച്ചി: ഹൈക്കോടതി അഭിഭാഷകയാണെന്നും മജിസ്ട്രേറ്റ് റാങ്ക് ലിസ്റ്റിലുള്ളയാളാണെന്നും പറഞ്ഞ് ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് 8.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുളമാവ്നിൽക്കുന്നതിൽ ജിഷ കെ. ജോയ് (41) ആണ് പിടിയിലായത്. എറണാകുളം വാത്തുരുത്തി സ്വദേശി വിജയ് ആണ്പരാതിക്കാരൻ.
2020 ഡിസംബർ മുതലാണ് ഹൈക്കോടതി അസിസ്റ്റന്റായി ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രണ്ടുതവണയായി ജിഷ പണം വാങ്ങിയത്. ആദ്യം 2.15 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അമേരിക്കയിലുള്ള ബന്ധുവിന്റെ പഠനാവശ്യത്തിനാണെന്നും പറഞ്ഞ് ആറര ലക്ഷം രൂപയും കൈക്കലാക്കി. സംശയം തോന്നി പലവട്ടം തിരികെ ചോദിച്ചിട്ടും നൽകിയില്ല. തുടർന്നാണ് പരാതി നൽകിയത്. ജിഷയെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.