p

• ചെമ്പുമുക്ക് പള്ളിയിൽ സെന്റ് മൈക്കിൾസ് ആർമിയെന്ന ഗുണ്ടാസംഘമുണ്ടെന്നും പരാതി

കൊച്ചി: പള്ളിക്കും സഭയ്ക്കുമെതിരെ കോടികളുടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കേസുകൾ നടത്തുന്ന ഇടവകാംഗത്തെ മർദ്ദിച്ചതിന് തൃക്കാക്കര ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി വികാരിയുൾപ്പെടെ 15 പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ഫാ. ടൈറ്റസ് ആന്റണി കുരിശുവീട്ടിലാണ് ഒന്നാംപ്രതി. ഇടവകാംഗമായ അഡ്വ. നോയൽ ജോസഫാണ് പരാതിക്കാരൻ. മറുപക്ഷത്തിന്റെ പരാതിയിൽ നോയൽ ജോസഫിനും മറ്റ് മൂന്നുപേർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ലത്തീൻസഭാ വിശ്വാസികളുടെ വരാപ്പുഴ അതിരൂപതയ്ക്ക് കീഴിലുള്ളതാണ് സെന്റ് മൈക്കിൾസ് പള്ളി.

ഇടവക സർട്ടിഫിക്കറ്റിൽ വികാരിയുടെ സീൽ പതിപ്പിക്കുന്നതിനായി സെപ്തംബർ 24ന് വൈകിട്ട് പള്ളിയിൽ ചെന്നപ്പോഴാണ് സംഘം ചേർന്ന് തന്നെ മർദ്ദിച്ചതെന്ന് അഡ്വ. നോയൽ പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറോളം പള്ളിവളപ്പിൽ ഗേറ്റ് പൂട്ടിയിട്ട് മർദ്ദിച്ചു. പൊലീസെത്തിയ ശേഷം ഒമ്പത് മണിക്കാണ് പുറത്തിറങ്ങാനായത്. കണ്ണിന് സാരമായി പരിക്കേറ്റ നോയൽ തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെയോ വരാപ്പുഴ അതിരൂപതയുടെയോ അനുമതിയില്ലാതെയാണ് സെന്റ് മൈക്കിൾസ് ആർമിയെന്ന അക്രമിസംഘം രൂപീകരിച്ചതും പ്രവർത്തിക്കുന്നതുമെന്നും നോയൽ ജോസഫ് പരാതിയിൽ ആരോപിച്ചു.

ഇടപ്പള്ളി ബൈപ്പാസിലെ പള്ളിയുടെ സ്ഥലം 2006ൽ ചുളുവിലയ്ക്ക് വിറ്റ് കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് മുൻവികാരി ഫാ. റോണി ജോസഫ് മനയ്ക്കലിനും ഇടവക ഭാരവാഹികൾക്കുമെതിരെ വർഷങ്ങളായി കേസ് നടത്തുന്നയാളാണ് നോയൽ. പുതിയ പള്ളിമന്ദിരം നിർമ്മിച്ചതിലെ ക്രമക്കേടുകൾക്കെതിരെ നിയമയുദ്ധം നടത്തുന്ന ഇടവകാംഗങ്ങൾക്ക് നിയമോപദേശം നൽകുന്നതും ഇദ്ദേഹമാണ്.

2014ൽ വികാരിയായി ചുമതലയേറ്റ ഫാ. ടൈറ്റസ് ആന്റണിക്ക് സ്ഥലംമാറ്റമാണ്. പുതിയ വികാരിയായി വരുന്നത് ഫാ. ജോസഫ് തട്ടാശേരിയാണ്.

പള്ളിവളപ്പിൽ അനധികൃതമായി ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നത് തടഞ്ഞപ്പോൾ നോയലും സംഘവും തന്നെ ആക്രമിച്ചെന്നാണ് വാഴക്കാല ഈരത്തറ തങ്കച്ചന്റെ പരാതിയിൽ പറയുന്നത്. കേസിൽ ഒന്നാം പ്രതിയാണ് നോയൽ ജോസഫ്. റോയ് പഴമ്പിള്ളി, ജോൺസൺ ഓലാട്ടുപുറം, തങ്കച്ചൻ ചുള്ളിൽ എന്നിവരാണ് മറ്റ് പ്രതികൾ.