 
കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ ഭാഗമായി പള്ളിയിൽ കബറടക്കിയ പരിശുദ്ധനെ വണങ്ങാൻ പതിവ് തെറ്റിക്കാതെ കരിവീരൻമാരെത്തി. പള്ളിയെ പ്രദക്ഷിണം വച്ച് നേർച്ച സമർപ്പിച്ച് കാലടി മഹാലക്ഷ്മി കുട്ടിക്കൃഷ്ണൻ, മുണ്ടയ്ക്കൽ ശിവാനന്ദൻ എന്നീ ഗജവീരൻമാർ കബർ വണങ്ങി. സെപ്തംബർ 25ന് കൊടികയറി ഒക്ടോബർ 4വരെ പത്ത് ദിവസമാണ് കന്നി 20 പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് ആനകളുടെ കബർ വണക്കം. പള്ളിയങ്കണത്തിൽ എത്തിയ ആനകളെ വികാരി ഫാ. ജോസ് പരത്തുവയലിന്റെ നേതൃത്വത്തിൽ ശർക്കരയും പഴവും നൽകി സ്വീകരിച്ചു. ആനകളുടെ കബർ വണക്കം പുരാതന കാലം മുതൽ തുടരുന്ന ആചാരമാണെന്ന് പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ പറഞ്ഞു. കബർ വണക്കം ദർശിക്കാൻ പള്ളിയിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. ഫാ. ജോസ് തച്ചയത്തുകുടി, ഫാ. ഏല്യാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ബേബി തോമസ്, ഏല്യാസ് വർഗീസ്, സലീം ചെറിയാൻ, പി.ഐ. ബേബി, ബിനോയി തോമസ്, എബി വർഗീസ്, ഡോ. റോയി എം. ജോർജ്, കെ.കെ. ജോസഫ്, മതമൈത്രി ഭാരവാഹികളായ എ.ജി. ജോർജ്, കെ.എ. നൗഷാദ്, പ്രദക്ഷിണത്തിന് തൂക്ക് വിളക്കേന്തുന്ന പി.എസ്. സുരേഷ് തുടങ്ങിയവരും സന്നിഹിതരായി.