poorna

 ഉത്സവത്തിന് 1.70 കോടി എസ്റ്റിമേറ്റ്

കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇക്കുറി രാത്രി മേളത്തിനും പരിപാടികൾക്കും കർശനമായ സുരക്ഷയൊരുക്കും. പൊലീസുമായി ചർച്ച നടത്തി കർശന സുരക്ഷാ ഏർപ്പാടുകൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശനൻ പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നടന്ന ഉത്സവ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും വർഷങ്ങളായി രാത്രി മേളത്തിന് സുരക്ഷാപ്രശ്നങ്ങളുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി. രാത്രിമേളത്തിന് സ്ത്രീകൾക്ക് പങ്കെടുക്കാനാവാത്ത അവസ്ഥയുണ്ടെന്നും മദ്യപാനികളും അന്യമതസ്ഥരും ക്ഷേത്രത്തിനുള്ളിൽ അഴിഞ്ഞാടുകയാണെന്നും കഴിഞ്ഞ വർഷം പരാതി ഉയർന്നിരുന്നു. വലിയ വിളക്ക് ദിനത്തിൽ മേളക്കാർക്കും ആനകൾക്കും നീങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായി. നടപ്പുര മേളം നേരത്തേ നിറുത്തേണ്ടിയും വന്നു. ഇക്കുറി ഉത്സവം കൊച്ചിൻ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്. ഉത്സവചെലവ് കണക്കാക്കുന്നത് 1.70 കോടി രൂപയാണ്.

യോഗത്തിൽ ബോർഡ് പ്രസിഡന്റ് എം.കെ.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേമരാജ് ചൂണ്ടിലത്ത്, എസ്.ആർ.ഉദയകുമാർ, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസി. കമ്മീഷണർ എം.ജി. യഹൂൽദാസ്, കൗൺസിലർ രാധിക വർമ്മ, ദേവസ്വം ഓഫീസർ രഘുരാമൻ തുടങ്ങിയവർ പങ്കെടുത്തു.

 സബ് കമ്മിറ്റികൾ വരും

ബോർഡിനെ സഹായിക്കാൻ വിവിധ സബ്ബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. സമീപത്തെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രം ഉപദേശക സമിതികൾ, പൂർണത്രയീശ ക്ഷേത്രത്തിലെ മുൻ ഉപദേശക സമിതികൾ, പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡ് തുടങ്ങിയവയുടെ ഭാരവാഹികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാകും കമ്മിറ്റി. എം.എൽ.എ, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ തുടങ്ങിയവരും കമ്മിറ്റിയിലുണ്ടാകും.

വൃശ്ചികോത്സവം കച്ചേരികൾ
നവം. 29 : എ.എസ്. മുരളി ചെന്നൈ
നവം. 30 : കല്ല്യാണപുരം എസ്. അരവിന്ദ്
ഡിസം. 1 : എസ്. ശ്രീവത്സ ചെന്നൈ
ഡിസം. 2 : ലാൽഗുഡി ജി. ജെ. ആർ. കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി
ഡിസം. 3 : കെ.ഭരത് സുന്ദർ.
ഡിസം. 4 : അക്കരെ സുബ്ബലക്ഷ്മി, അക്കരെ സ്വർണ്ണലത
ഡിസം. 5 : സംഗീതകലാനിധി സഞ്ജയ് സുബ്രഹ്മണ്യം