bus

കൊച്ചി: സ്വകാര്യബസിൽ കഞ്ചാവ് ഉപയോഗിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒളിവിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്ന് പേരാണ് ഓടിരക്ഷപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കേസിൽ രണ്ടു പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പുതുവൈപ്പ് സ്വദേശി ജോബി, തൃക്കാക്കര സ്വദേശി ഷാജി എന്നിവരാണ് അറസ്റ്റിലായത്.

 ഷാന ബസിൽ പരാക്രമം

കഴിഞ്ഞ ദിവസം രാവിലെ കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസിലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ ക്രിമിനൽ സംഘം. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ നിന്ന് ബസിൽ കയറിയ ഇവർ യാത്ര തുടങ്ങി ഏറെ വൈകാതെ കഞ്ചാവ് ബീഡി വലിക്കുകയും സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു.

 കണ്ടക്ടർക്ക് മർദ്ദനം

ഇതു ചോദ്യം ചെയ്ത കണ്ടക്ടറെ പ്രതികൾ മർദ്ദിച്ചു. ഇതോടെ ഡ്രൈവർ ബസ് ഓടിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനു മുന്നിലേക്ക് എത്തിക്കുകയായിരുന്നു. പൊലീസിനെ കണ്ട് അഞ്ചംഗ സംഘം ബസിനുള്ളിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.